പീഡനത്തിന് ഇരയായ യുവതിയെ മര്‍ദ്ദിച്ചു; സിഐ സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്

തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിൻ്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസ് എടുത്തത്. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. സിഐയുടെ വീട്ടിൽ പരാതി പറയാനെത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി. അതേസമയം ബലാത്സംഗക്കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

ബലാൽസംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖയുണ്ടാക്കിയ ഇൻസ്പെക്ടറെ മൂന്ന് ദിവസം മുൻപ് സര്‍വ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. മലയിൻകീഴ് മുൻ ഇൻസ്പെക്ടറായിരുന്നു എ.വി.സൈജു. ഇയാൾക്ക് വ്യാജ രേഖയുണ്ടാക്കാൻ സഹായിച്ച സ്റ്റേഷനിലെ റൈറ്റർ  പ്രദീപ് എന്നിവരെയാണ് ആഭ്യന്തര സെക്രട്ടറി സസ്പെൻഡ് ചെയ്തത്.

എ.വി.സൈജുവിനെതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.

സ്റ്റേഷൻ ഇൻസ്പെക്ടറെ സ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റേഷൻ രേഖകളിൽ റൈറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ഈ രേഖകള്‍ ഹൈക്കോടതി സമർപ്പിച്ച് സൈജു മുൻകൂർ ജാമ്യവും നേടി. രേഖകളിൽ സംശയം തോന്നിയ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞത്.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തകേസിൽ ജാമ്യത്തിൽ തുടരുന്നതിനിടെയാണ് കുടുംബ സുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലും സൈജു പ്രതിയാവുന്നത്. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെം ഗീകമായി പിഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസാണ് സൈജുവിനെതിരെ കേസെടുത്തത്.

അതേസമയം തൻ്റെ മകളെ മര്‍ദ്ദിച്ചെന്ന് കാണിച്ച് പരാതിക്കാരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ സൈജുവിൻ്റെ ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Top