ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വിധി പറയും

ഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വിധി. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് കോടതി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വാദങ്ങളില്‍ കോടതിയെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മുകശ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ഈ പ്രത്യേക അനുച്ഛേദം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു. ജമ്മുകശ്മീരിന് പുറമേ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച മറ്റ് നാട്ടുരാജ്യങ്ങള്‍ക്കും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

Top