നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വിധി നാളെ. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലാണ് ഹൈക്കോടതി നാളെ വിധി പറയുക. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കണമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്. പരാമര്‍ശങ്ങള്‍ മാത്രം നീക്കിയാല്‍ പോരെന്നും സെഷന്‍സ് കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്റെ നിലപാട്.

പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ പ്രൊസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദം ഹൈക്കോടതി വ്യാഴാഴ്ച കേള്‍ക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top