ഗ്യാന്‍വാപിയിലെ നിലവറകള്‍ തുറക്കണം; അടിന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

ഗ്യാന്‍വാപിയിലെ നിലവറകള്‍ തുറക്കണമെന്ന ആവശ്യം അടിന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഹിന്ദുമത വിശ്വാസികളായ വനിതകളാണ് സുപ്രിംകോടതിയെ ആവശ്യവുമായി സമീപിച്ചിരിക്കുന്നത്. ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ നിലവറയിലുണ്ടെന്നും പുരാവസ്തു ഗവേഷണ വകുപ്പിന് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

നിലവിലുള്ള പള്ളിയില്‍ ഹൈന്ദവ ക്ഷേത്രത്തിന്റെ നിരവധി അവശേഷിപ്പുകള്‍ ഉള്ളതായി സര്‍വേയില്‍ കണ്ടെത്തിയെന്ന് ജെയിന്‍ പറയുന്നു. ക്ഷേത്രം തകര്‍ക്കാനുള്ള ഉത്തരവും തീയതിയും പേര്‍ഷ്യന്‍ ഭാഷയില്‍ കല്ലില്‍ ആലേഖനംചെയ്തത് പള്ളിയില്‍ നിന്ന് കണ്ടെത്തിയെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ രാഖി സിങ്ങിന്റെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് പറഞ്ഞു. എന്നാല്‍ ഗ്യാന്‍വാപി മസ്ജിദ് പണിതതെന്ന പുരാവസ്തു ഗവേഷണവിഭാഗം സര്‍വേറിപ്പോര്‍ട്ട് അന്തിമവിധിയല്ലെന്ന് മസ്ജിദ് കമ്മിറ്റി പറയുന്നു.

ഗ്യാന്‍വാപിയിലെ പത്ത് നിലവറകള്‍ തുറക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാശി വിശ്വനാഥക്ഷേത്രത്തോടുചേര്‍ന്ന ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ എ.എസ്.ഐ. നടത്തിയ ശാസ്ത്രീയപരിശോധനയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഹിന്ദുവിഭാഗം അഭിഭാഷകര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജയിന്‍ പറഞ്ഞിരുന്നു.

Top