സംസ്ഥാനത്ത് ഇന്ന് വാക്‌സിന്‍ നല്‍കിയത് 3.59 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.

18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്‌സിന്‍ നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയിലുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.

സംസ്ഥാനത്ത് ഇന്ന് 3,59,517 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 1,546 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്.

Top