അമേരിക്കയും മൗനം പാലിച്ചപ്പോള്‍ ചൈനയ്‌ക്കെതിരെ ശബ്ദിച്ചത്‌ മോദി മാത്രമെന്ന്

വാഷിങ്ടണ്‍: അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് നരേന്ദ്രമോദിയെന്ന് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി.

യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദിയെ പ്രശംസിച്ചു കൊണ്ട് മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം.

ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് തിരിച്ചറിഞ്ഞ മോദി പദ്ധതിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയെന്നും, തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറിയ പലിശ നിരക്കില്‍ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്.

എന്നാല്‍, ചൈനയുടെ സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്നും പില്‍സ്ബറി ചൂണ്ടിക്കാട്ടി.

അതേസമയം, വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ മാറാനുള്ള ചൈനയുടെ ശ്രമമാണെന്നായിരുന്നു സെനറ്റര്‍ എഡ് മാര്‍ക്കേയുടെ പ്രതികരണം.

തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത്രയും വലിയ തുക വായ്പ നല്‍കികൊണ്ട് ചൈന അയല്‍രാജ്യങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും മാര്‍ക്കേ കൂട്ടിച്ചേര്‍ത്തു.

Top