വെടിനിര്‍ത്തല്‍ കൂടുതല്‍കാലം നിലനില്‍ക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ്

നീണ്ട 49 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവുമായി മേഖല ഇപ്പോള്‍ സമാധാനപൂര്‍ണമാണ്. ഈ അവസ്ഥ കൂടുതല്‍കാലം നിലനില്‍ക്കുമെന്ന സൂചന നല്‍കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. താത്കാലിക വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുന്നത്.എത്ര കാലം വരെ വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി അറിയില്ലെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രയേല്‍ ജയിലില്‍ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 39 പലസ്തീനികളും ഗാസയില്‍ നിന്നും 13 ഇസ്രയേലികളെയും മോചിപ്പിച്ചു. 10 തായ് പൗരന്മാരും ഒരു ഫിലിപ്പിന്‍ പൗരനും ഗാസയില്‍ നിന്നും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനെ മുന്‍നിര്‍ത്തിയാണ് ബന്ദികളെ വിട്ടയച്ചത്.

ഗാസ മോചിപ്പിച്ച ഇസ്രയേല്‍ ബന്ദികള്‍ ഇപ്പോള്‍ ഇസ്രയേലിലുണ്ടെന്നും അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇസ്രയേലി സൈന്യം അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെത്തിയ ബന്ദികളുടെ ആരോഗ്യം മെച്ചപ്പെട്ടതാണെന്നും ഷ്നിഡെര്‍ ചില്‍ഡ്രന്‍സ് ആശുപത്രി പറയുന്നു. ഉപരോധ ഗാസയിലേക്ക് 130,000 ലിറ്റര്‍ ഇന്ധനം അയക്കാനും ഇസ്രയേല്‍ സമ്മതിച്ചു.

 

Top