ഇറാഖില്‍ നിന്ന് അമേരിക്ക ‘പെട്ടിയും കിടക്കയുമായി’ മടങ്ങിയാല്‍ ‘ശക്തരാകുന്നത്’ ഇറാന്‍!

റാഖിനെ സഹായിക്കാന്‍ ബാഗ്ദാദില്‍ തങ്ങുന്ന യുഎസ് സൈനികരെ ചവിട്ടി പുറത്താക്കാന്‍ ഒരുങ്ങുകയാണ് ഇറാഖ് സര്‍ക്കാര്‍. സൈന്യത്തെ പിന്‍വലിക്കാന്‍ ഉപാധിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ നീക്കം നാണക്കേടാണ്, ഒപ്പം ഇറാന് വന്‍വിജയം നല്‍കുന്നതുമാണ് ഈ തീരുമാനം. ഇറാന്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് യുഎസ് സൈന്യത്തോട് സേവനം മതിയാക്കി മടങ്ങാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.

വിദേശ സൈന്യങ്ങളെ നാട്ടില്‍ നിന്നും പുറത്താക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് തെഹ്റാനുമായി ശക്തമായ ബന്ധമുള്ള ഇറാഖ് സര്‍ക്കാരിലെ ചില ശക്തരാണ്. സുലൈമാനിയെ വധിച്ചതോടെ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ യുഎസ്-ഇറാഖ് സംയുക്ത നീക്കങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. യുഎസ് സൈനികരെ പിന്‍വലിക്കുക മാത്രമാണ് ഇറാഖി മണ്ണിലുള്ളവരെ രക്ഷിക്കാനുള്ള വഴിയെന്ന് ഇറാഖ് കെയര്‍ടേക്കര്‍ പ്രധാനമന്ത്രി പറയുകയും ചെയ്തു.

യുഎസ് പിന്‍വാങ്ങിയാല്‍ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഇതിനൊപ്പം ബാഗ്ദാദിലെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇറാനും സാധിക്കും. 2003ലെ യുഎസ് അധിനിവേശം മുതല്‍ ഇറാഖില്‍ മേധാവിത്വം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് തെഹ്റാനും, വാഷിംഗ്ടണും. ഇതില്‍ ഇറാന്‍ ഒരു ചുവട് മുന്നിലുമാണ്. ഇറാഖിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറാന്‍ തെഹ്റാന്റെ നയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനിടെ ഇറാന്‍ വളര്‍ത്തിയ ഭീകര ഗ്രൂപ്പുകളാണ് ഇതില്‍ പ്രധാനം. ഇറാഖി സൈന്യത്തോടൊപ്പം വിമത വിഭാഗമായി നില്‍ക്കുന്ന ഈ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ സാമ്പത്തിക സഹായവും എത്തിക്കുന്നു. ഇതുവഴി മുതിര്‍ന്ന ഇറാഖ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, പാര്‍ലമെന്റ് അംഗങ്ങളെയും ഇവര്‍ വരുതിയില്‍ നിര്‍ത്തുന്നു.

അതുകൊണ്ട് തന്നെയാണ് സുലൈമാനി വധത്തിന് ശേഷം പാര്‍ലമെന്റ് ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഇതിന് പുറമെ യുഎസിനെ മേഖലയില്‍ നിന്ന് പുറത്താക്കുക കൂടിചെയ്താല്‍ അത് ഇറാന്റെ വിജയമായി മാറും.

Top