ഇനി ആക്രമിച്ചാല്‍ ദുബായ് ഭസ്മമാകും, ഇറാന്‍ ‘വീര്യ’ത്തിന് മുന്നില്‍ പകച്ച് ലോകം

ങ്കുറപ്പ് എന്ന് പറഞ്ഞാല്‍ അത് ഇറാനെയാണ് കണ്ട് പഠിക്കേണ്ടത്. വെറുതെ മുഴക്കിയ വീരവാദമല്ല, തിരിച്ചടിക്കുമെന്ന് സ്വന്തം ജനതയ്ക്ക് നല്‍കിയ വാഗ്ദാനമാണ് അവരിപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും രണ്ട് വ്യോമതാവളങ്ങളെ ജനുവരി ഏഴിന് പുലര്‍ച്ചെയാണ് ഇറാന്‍ ആക്രമിച്ചിരിക്കുന്നത്. 30 ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ സേന ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. എത്ര പേര്‍ മരിച്ചെന്നോ, എത്ര നാശനഷ്ടം ഉണ്ടായെന്നോ വ്യക്തമായ കണക്ക് അമേരിക്ക പോലും പുറത്ത് വിട്ടിട്ടില്ല. വലിയ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാഖില്‍ കോടികള്‍ മുടക്കി വ്യോമതാവളം നിര്‍മിച്ചിട്ടുണ്ടെന്നും മുടക്കിയ പണം മടക്കിക്കിട്ടാതെ ഇറാഖ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലുകള്‍ കുതിച്ചെത്തിയത്. അല്‍ അസദ് വ്യോമതാവളം, പടിഞ്ഞാറന്‍ ഇറാഖിലെ ഇര്‍ബിലിനു സമീപത്തുള്ള വ്യോമതാവളം എന്നിവ ലക്ഷ്യമിട്ട ഇറാന്‍ ഫലത്തില്‍ ട്രംപിനുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്.

ഡിസംബറിലെ കണക്കനുസരിച്ച് 6000 അമേരിക്കന്‍ സൈനികരാണ് ഇറാഖിലുള്ളത്. ഇവിടെ കൊല്ലപ്പെട്ടവരുടെ ചോരക്ക് കണക്ക് പറയേണ്ടത് ട്രംപ് മാത്രമാണ്. യുദ്ധക്കൊതിയനായ ഈ അമേരിക്കന്‍ പ്രസിഡന്റിന്റെ വിവേകശൂന്യമായ നിലപാടുകളാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ മൂലകാരണം.

ഇതിന്റെ പരിണിത ഫലം എന്ത് തന്നെയായാലും അത് ഏറ്റുവാങ്ങാന്‍ ഇറാനിലെ ജനതയും ഇപ്പോള്‍ തയ്യാറാണ്. ഇനി അമേരിക്ക പ്രത്യാക്രമണം നടത്തിയാല്‍ വീണ്ടും തിരിച്ചടിയും ഉറപ്പാണ്. അത് എങ്ങനെ, എപ്പോള്‍ എന്ന കാര്യം നമുക്കാര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുകയില്ല.

തിരിച്ചടിയുണ്ടായാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരവും ഭീതിയിലാണ്. ഇറാന്‍ ആയുധശേഖരം എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ആര്‍ക്കും ഒരു പിടിയും ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. കണ്ടു പിടുത്തങ്ങള്‍ വിളിച്ചു പറയുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യമല്ല ഇറാന്‍. യുദ്ധം ചെയ്ത് ശരിക്കും പരിചയമുള്ള ആ രാജ്യത്തെ എളുപ്പത്തില്‍ കീഴടക്കാന്‍ അമേരിക്കക്ക് എന്തായാലും കഴിയുകയില്ല.

ലോകത്ത് മിക്കയിടത്തും ശക്തമായ സ്ലീപ്പര്‍ സെല്ലുകള്‍ ഉള്ള രാജ്യം കൂടിയാണ് ഇറാന്‍. പഴയ പേര്‍ഷ്യന്‍ പോരാട്ട വീര്യം ഇന്നും തലമുറകളായി കൊണ്ടു നടക്കുന്ന ജനതയാണ് അവിടെയുള്ളത്.

അഭിമാനം കാക്കാന്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു ജനത പുതിയ കാലഘട്ടത്തിലും വലിയ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്.

സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിച്ചില്ലങ്കില്‍ ഒരു രാജ്യമായി നിലനില്‍ക്കുന്നതില്‍ തന്നെ അര്‍ത്ഥമില്ലന്നാണ് ഇറാന്‍ ജനത കരുതുന്നത്.

സുലൈമാനിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത ലക്ഷങ്ങളെടുത്ത പ്രതിജ്ഞയാണിപ്പോള്‍ ഇറാന്‍ സൈന്യം നടപ്പാക്കിയിരിക്കുന്നത്. ഇനി അമേരിക്ക ഇറാനെ ആക്രമിച്ച് കീഴടക്കിയാല്‍ പോലും ഈ ധീരത ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും.

ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്ന് ഇറാന്‍ സൈനിക മേധാവിയെ വധിച്ചതുപ്പോലെയുള്ള ഭീരുത്വമല്ലയിത്.

തിരിച്ചടിക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രഹരമാണ് നടന്നിരിക്കുന്നത്. ഇതിനു വേണ്ടി സുലൈമാനിയുടെ ഖബറടക്കം വരെ മാത്രമാണ് ഇറാന്‍ സൈന്യം കാത്തിരുന്നിരുന്നത്.

യുദ്ധ കാഹളം മുഴക്കിയാണ് ഇറാനിലെ ക്യോ ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പ് കൊടി പാറുന്നത്. ഇറാന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ വിളംബരം കൂടിയാണിത്.

അമേരിക്കയുടെ ഏത് പ്രത്യാക്രമണങ്ങള്‍ക്കും ഇനി വലിയ വില നല്‍കേണ്ടി വരിക ഗള്‍ഫ് രാജ്യങ്ങള്‍ കൂടിയാണ്. കാരണം ഈ മേഖല കേന്ദ്രീകരിച്ചാണ് അമേരിക്കന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നത് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ്.

ലോകത്തെ ഏറ്റവും കരുത്തുറ്റ മുസ്ലീം രാജ്യത്തെ ആക്രമിക്കാനാണിത് എന്നത് കൂടി നാം ഓര്‍ക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകള്‍ നിലവില്‍ വലിയ ഭീതിയിലാണ്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ സൗദിയേയും ദുബായിയേയും ഇറാന്‍ ആക്രമിക്കുമെന്ന് ജനങ്ങള്‍ ശരിക്കും ഭയക്കുന്നുണ്ട്. സംഘര്‍ഷം പിടിവിട്ടാല്‍ ഒരു കൂട്ട പലായനം തന്നെ ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അത് ഇന്ത്യയേയും പ്രത്യേകിച്ച് കേരളത്തേയും വലിയ രൂപത്തിലാണ് ബാധിക്കുക.

അതേസമയം, ഇറാന്‍ സൈനിക കമാന്‍ണ്ടര്‍ ജനറലിനെ വധിച്ച്, അമേരിക്കയാണ് സ്ഥിതി വഷളാക്കിയതെന്നാണ് റഷ്യയും ചൈനയും വിലയിരുത്തുന്നത്. ഇറാന്റെ അടുത്ത സുഹൃത്തുക്കളായ ഈ വന്‍ശക്തികളുടെ നിലപാട് ഈ യുദ്ധത്തിലും നിര്‍ണ്ണായകമായിരിക്കും.

സംയമനത്തിന് ആഹ്വാനം ചെയ്യുന്ന റഷ്യയും ചൈനയും ഏത് ഘട്ടത്തിലും നേരിട്ട് ഇടപെടാന്‍ തയ്യാറാവാനും സാധ്യത ഏറെയാണ്.

മധ്യ പൂര്‍വ്വേഷ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്നും തങ്ങളുടെ രാജ്യത്തെ വിമാന കമ്പനികളെ അമേരിക്ക ഇതിനോടകം തന്നെ വിലക്കിയിട്ടുണ്ട്.

സൗദിയും യു.എ.ഇയുമെല്ലാം പേടിച്ച് വിറച്ചിരിക്കുകയാണ് എന്നതാണ് സത്യം. ലോകത്തെ ഏറ്റവും ശക്തമായ ഒരു മുസ്ലീം രാജ്യത്തെ നശിപ്പിക്കുന്നതിന് കുട പിടിച്ചവരെല്ലാം കൂട് തന്നെ തകരുമോ എന്ന ഭീതിയിലാണിപ്പോള്‍ കഴിയുന്നത്.

അമേരിക്കന്‍ സൈന്യത്തിന് ചുവപ്പ് പരവതാനി വിരിച്ച് സഹായം ചെയ്യുന്നതിനെതിരെ അറബ് രാഷ്ട്രങ്ങളിലും പ്രതിഷേധം ശക്തമാണ്.

മുസ്ലീം രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത ആളിക്കത്തിച്ച് സാമ്രാജ്യത്വ കഴുകന്‍ അതിന്റെ അജണ്ടയാണ് നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറലിന്റെ ദാരുണ കൊലപാതകം.

എഴുപതാണ്ടോളം പഴക്കമുള്ള കൊടുംശത്രുതയാണ് ഇറാന്‍ ജനതയും അമേരിക്കന്‍ ഭരണകൂടവും തമ്മിലുള്ളത്.

1953ലെ അട്ടിമറിയിലൂടെ ആയിരുന്നു തുടക്കം. ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിനെ അമേരിക്കന്‍ ബ്രിട്ടിഷ് ചാരസംഘടനകള്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദമായിരുന്നു പ്രധാന കാരണം. ഇതിനുപിന്നാലെ മുഹമ്മദ് റസ പഹ്ലവിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ ഷാ ഭരണകൂടത്തിന് അമേരിക്ക പിന്തുണ നല്‍കുകയുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഇറാന്‍-അമേരിക്ക സൗഹൃദത്തിന്റേതായിരുന്നു.

1970 കളില്‍ ഷാ ഭരണകൂടത്തിനെതിരെ ഇറാനിലെങ്ങും ശക്തമായ അതൃപ്തി പടര്‍ന്നു. മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഷായ്ക്കു രാജ്യം തന്നെ വിട്ട് പലായനം ചെയ്യേണ്ടിയും വന്നു. തുടര്‍ന്ന് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ 1979 ഏപ്രില്‍ ഒന്നിനു ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നിലവില്‍ വരികയായിരുന്നു. ഇതോടെയാണ് വീണ്ടും ഇറാന്‍ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്ന അവസ്ഥയുമുണ്ടായി.

1979 നവംബറില്‍ ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി ഉപരോധിച്ച പ്രക്ഷോഭകര്‍, നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത് അമേരിക്കയെ ഞെട്ടിച്ചിരുന്നു. 444 ദിവസത്തിനുശേഷം 1981 ജനുവരിയിലാണ് 52 അമേരിക്കന്‍ പൗരന്മാരേയും വിട്ടയച്ചിരുന്നത്. ബന്ദികളുടെ മോചനത്തിനായി അമേരിക്ക നടത്തിയ സൈനിക നടപടി വലിയ പരാജയമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം 1988 ജൂലൈ മൂന്നിനു ഇറാന്‍ യാത്രാവിമാനം ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ വെടിവച്ചിട്ടാണ് പ്രകോപനം സൃഷ്ടിച്ചിരുന്നത്. വിമാനത്തിലെ 290 പേരും തല്‍ഷണം കൊല്ലപ്പെട്ടു. എ300 എയര്‍ബസ്, എഫ്14 പോര്‍വിമാനമാണെന്നു തെറ്റിദ്ധരിച്ചാണു വീഴ്ത്തിയതെന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. മക്കയിലേക്കുള്ള തീര്‍ഥാടകരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്.

2002ല്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യു. ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇറാനെയും തിന്മയുടെ അച്ചുതണ്ട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ ഇറാനിലെങ്ങും കടുത്ത രോഷമാണ് ഉയര്‍ന്നിരുന്നത്. 2002 ല്‍ മഹ്മൂദ് അഹ്മദിനിജാദിന്റെ ഭരണകാലത്ത് ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു. ആണവായുധങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം ഇറാന്‍ അക്കാലത്തുതന്നെ നിഷേധിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് യുഎന്നും യൂറോപ്യന്‍ യൂണിയനും ഇറാനെതിരെ 2006 ല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇതോടെ ഇറാന്റെ കറന്‍സിയുടെ മൂല്യം കുത്തനെയാണ് ഇടിഞ്ഞിരുന്നത്.

2013 സെപ്റ്റംബറില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫോണില്‍ സംസാരിക്കുകയുണ്ടായി. 30 വര്‍ഷത്തിനു ശേഷം ആദ്യമായായിരുന്നു ഇത്തരമൊരു സംഭാഷണം. ഉഭയകക്ഷി ബന്ധത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി. തുടര്‍ന്ന് 2015ലാണ് ആണവനിയന്ത്രണത്തിന് ഇറാന്‍ വഴങ്ങിയത്.

അമേരിക്ക അടക്കം വന്‍ശക്തികളുമായുള്ള ആണവക്കരാര്‍ ഇതോടെയാണ് നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് 2018ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറുകയായിരുന്നു. ഇറാന്റെ എണ്ണകയറ്റുമതിക്ക് ഉപരോധമേര്‍പ്പെടുത്തിയതോടെ 2019 മേയില്‍ ബന്ധം വീണ്ടും വഷളായി. ഒമാന്‍ ഉള്‍ക്കടലില്‍ 2019 മേയ് ജൂണ്‍ മാസങ്ങളില്‍ 6 എണ്ണക്കപ്പലുകളില്‍ സ്‌ഫോടനമുണ്ടായി. ഇതിനുപിന്നില്‍ ഇറാനാണെന്നാണ് അമേരിക്ക ആരോപിച്ചിരുന്നത്.

2019 ജൂണ്‍ 20നു ഇറാന്‍ വ്യോമസേന, ഹോര്‍മുസ് കടലിടുക്കിനു മുകളിലൂടെ പറന്ന യുഎസ് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തുകയുണ്ടായി. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആണവപദ്ധതികളിലെ നിയന്ത്രണവും ഇറാന്‍ ഉപേക്ഷിച്ചു. ഇതോടെ അമേരിക്ക- ഇറാന്‍ ബന്ധം പൂര്‍ണമായും തകരുകയായിരുന്നു.

2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണിപ്പോള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ മരിച്ചതായാണ് ഇറാന്‍ ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാന്‍ ഇന്ന് പഴയ ഇറാനല്ല. സൈനിക കരുത്തില്‍ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടിപ്പോള്‍ ആ രാജ്യം.

2003ല്‍ ഇറാഖ് യുദ്ധ സമയത്തുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി ജനം ഇന്ന് ഇറാനിലുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയേക്കാളും വലിയ രാജ്യം കൂടിയാണ് ഇറാന്‍. അതിര്‍ത്തിയില്‍ പര്‍വതപ്രദേശമായതിനാല്‍ത്തന്നെ സൈനിക നീക്കങ്ങള്‍ക്ക് അമേരിക്ക ഏറെ പാടുപെടും. ഇറാന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ അഫ്ഗാനാണ്. പടിഞ്ഞാറ് തുര്‍ക്കിയും. രണ്ടു വഴിയിലൂടെയും ഇറാനിലേക്ക് കടക്കാന്‍ അത്രയെളുപ്പം അമേരിക്കക്ക് സാധിക്കുകയില്ല.

ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ സൈന്യം ഇറാനിലേക്കു കടന്ന തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജലപാത മാത്രമേ അമേരിക്കക്ക് മുന്നിലുള്ളൂ. അപ്പോഴും അമേരിക്കയുടെ നീക്കം തിരിച്ചറിഞ്ഞാല്‍ ഇവിടെ എളുപ്പം പ്രതിരോധം തീര്‍ക്കാന്‍ ഇറാന് കഴിയും. ഇതുകൊണ്ടൊക്കെയാണ് ഇറാനെ ‘ഉരുക്ക് കോട്ട’യെന്ന് ശത്രുക്കള്‍ പോലും വിശേഷിപ്പിക്കുന്നത്.

ഇറാനെ കീഴടക്കണമെങ്കില്‍ അമേരിക്കക്ക് ലക്ഷകണക്കിന് സൈനികരെ ഇറക്കേണ്ടി വരും. എന്നാല്‍ അത്രയും പേര്‍ക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യം എവിടെ നിന്നു ലഭിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. ഇറാഖില്‍ പോലും അമേരിക്കക്ക് ഒരുസമയം 1.8 ലക്ഷത്തില്‍ കൂടുതല്‍ സൈനികരുണ്ടായിട്ടില്ല. ബലപ്രയോഗത്തിലൂടെ ഇറാന്‍ പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിലും മരിച്ചു വീഴുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണവും തിട്ടപ്പെടുത്താന്‍ കഴിയുകയില്ല.

യുദ്ധമുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെയും അത് താറുമാറാക്കും. വീറ്റോ അധികാരമുള്ളതിനാല്‍ത്തന്നെ യുദ്ധത്തെ ന്യായീകരിക്കാനുള്ള അമേരിക്കയുടെ ഏതൊരു നീക്കത്തെയും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ എതിര്‍ക്കാന്‍ റഷ്യയ്ക്കും ചൈനയ്ക്കും എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.

ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡുമാരുടെയും ഇറാന്റെ പിന്തുണയോടെ മധ്യപൂര്‍വ ദേശത്തു പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളുടെയും കരുത്തിനെ യുദ്ധസാഹചര്യത്തില്‍ ആര്‍ക്കും വിലകുറച്ചു കാണാനാകില്ല.

ഇറാന്റെ സഹായം പറ്റുന്ന ലെബനനിലെ ഹിസ്ബുല്ല പോലുള്ള സായുധ സംഘടനകള്‍ ആക്രമിക്കുമോയെന്ന ആശങ്ക ഇസ്രയേലിനും നിലവിലുണ്ട്.

യുഎഇ, സൗദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടാനും സായുധ സംഘടനകളോട് ഇറാന്‍ നിര്‍ദേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൗദിക്ക് നേരെ ആക്രമണം ശക്തമാക്കാന്‍ യെമനിലെ ഹൂതി വിമതര്‍ക്ക് കൂടുതല്‍ ആയുധങ്ങളും ധനസഹായവും എത്തിക്കാനും ഇറാനാകും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇറാന് ‘സ്ലീപ്പര്‍ സെല്ലുകള്‍’ ഉള്ളതായാണ് പുറത്ത് വരുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരിക്കുമെന്നത് ആര്‍ക്കും ഒരിക്കലും പ്രവചിക്കാന്‍ കഴിയുന്നതല്ല.

‘ഇറാന്‍ പിന്തുണയോടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളാണ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മറ്റൊരു വെല്ലുവിളിയാവുക. യുദ്ധമുണ്ടായാല്‍ ഇറാന്‍ ഇവിടേയും ലക്ഷ്യമിടും.

അമേരിക്കക്കെതിരെ ഇറാന് ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു യുദ്ധതന്ത്രം സൈബര്‍ ആക്രമണങ്ങളാണ്. 2011 മുതല്‍ ഇതുവരെ നാല്‍പതിലേറെ അമേരിക്കന്‍ ബാങ്കുകള്‍ക്കു നേരെയാണ് ഇറാന്‍ സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്. എണ്ണക്കമ്പനിയായ സൗദി അറാംകോയ്ക്കു നേരെ ഇറാന്‍ വൈറസാക്രമണം നടത്തിയത് 2012ലാണ്. കമ്പനിയുടെ കംപ്യൂട്ടറുകളിലെ 75% വരുന്ന രേഖകളും മെയിലുകളും മറ്റു ഫയലുകളും അന്നത്തെ ആക്രമണത്തില്‍ നശിച്ചിരുന്നു. പകരം കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടതാകട്ടെ കത്തുന്ന അമേരിക്കന്‍ പതാകയുമായിരുന്നു.

എണ്ണ, എല്‍പിജി, സാമ്പത്തിക മേഖല, ഇലക്ട്രിക് പവര്‍ ഗ്രിഡ് എന്നിവ ലക്ഷ്യമിട്ടായിരിക്കും യുദ്ധകാലത്ത് പ്രധാന സൈബര്‍ ആക്രമണം നടക്കുക. ഇതിനോടകം തന്നെ പലയിടത്തും സൈബര്‍ നുഴഞ്ഞു കയറ്റത്തിനുള്ള ഒരുക്കങ്ങള്‍ ഇറാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലെയും ഗള്‍ഫിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിലെ പാസ്വേഡുകളും മറ്റും സ്വന്തമാക്കി നെറ്റ്വര്‍ക്കിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ഇറാന്‍ സൈബര്‍ പോരാളികള്‍ ആരംഭിച്ചതായി സിഐഎയും കണ്ടെത്തിയിട്ടുണ്ട്.

ഈ അമേരിക്കന്‍ ചാരസംഘടനയുടെ പ്രതീക്ഷക്കപ്പുറമാണ് സൈബര്‍ രംഗത്തെ ഇറാന്റെ നുഴഞ്ഞു കയറ്റം.

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക തലവനായിരുന്നു കൊല്ലപ്പെട്ട സുലൈമാനി. ഐഎസ്, അല്‍ ഖ്വായ്ദ ഉള്‍പ്പെടെയുള്ള ആഗോള ഭീകരര്‍ക്കെതിരെ പട നയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

സിറിയ, ഇറാഖ് എന്നിവടങ്ങളിലെ ഭീകരരെ തുരത്തുന്നതിലാണ് ഈ ഇറാന്‍ കമാന്‍ഡര്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നത്.

അമേരിക്ക അന്താരാഷ്ട്ര സഖ്യം രൂപീകരിച്ച് രംഗത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഭീകരര്‍ക്കെതിരെ രംഗത്തിറങ്ങിയ സൈനിക മേധാവിയാണ് സുലൈമാനി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനയാണ് ഭീകര കേന്ദ്രങ്ങള്‍ മിക്കതും ചാമ്പലാക്കിയിരുന്നത്.

അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സുലൈമാനിയുടെ പങ്ക് റഷ്യ എടുത്ത് പറഞ്ഞതും അതുകൊണ്ടു തന്നെയാണ്. അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെ സുലൈമാനിയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനി പ്രത്യാക്രമണമുണ്ടായാല്‍ പ്രതികരണവും അതി ഭീകരമായിരിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

Express view

Top