ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെ സംരക്ഷിച്ചില്ല ; 15 ക്യൂബന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

വാഷിംഗ്ടണ്‍: ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെ സംരക്ഷിച്ചില്ലെന്ന് ആരോപിച്ച് 15 ക്യൂബന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി.

‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തില്‍ നിന്ന് യുഎസ് എംബസി ഉദ്യോഗസ്ഥരെ സംരക്ഷിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് അമേരിക്കയുടെ തീരുമാനം.

ആക്രമണത്തില്‍ ഇരുപതിലേറെപ്പേരുടെ ആരോഗ്യനില വഷളായതിനു പിന്നാലെ യുഎസ് വിദേശകാര്യവകുപ്പാണ് നടപടി എടുത്തത്. ക്യൂബന്‍ നയതന്ത്രജ്ഞര്‍ എഴു ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം.

യുഎസ് നയതന്ത്രജ്ഞരെ സംരക്ഷിക്കുന്നതില്‍ ക്യൂബ പരാജയപ്പെട്ടതോടെ പുറത്താക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. കടുത്ത നടപടി നയതന്ത്ര ബന്ധത്തില്‍ നീതി ഉറപ്പാക്കുമെന്നും ടില്ലേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ക്യൂബയിലെ യുഎസ് എംബസികളിലെ 60 ശതമാനം വരുന്ന സ്റ്റാഫംഗങ്ങളെയും പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

എംബസിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥരൊഴികെ ബാക്കിയെല്ലാവരും കുടുംബാഗങ്ങള്‍ സഹിതം തിരിച്ചു പോരണമെന്ന് യുഎസ് നിര്‍ദേശം നല്‍കിയിരുന്നു. ക്യൂബയിലെ വിസാസംബന്ധിയായ നടപടിക്രമങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, യുഎസിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗ്രസ് പ്രതികരിച്ചു. നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം നീതിരഹിതമാണെന്നും റോഡ്രിഗ്രസ് ആരോപിച്ചു.

2016 അവസാനം മുതലാണ് ഹവാനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ശബ്ദവീചി ആക്രമണം നടക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്.

Top