മുഖ്യമന്ത്രിയെ ചികിസിച്ച അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക്ക് ഇന്ത്യയിലേക്ക്, ചുമതല മലയാളിക്ക് 

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ നേടി ശ്രദ്ധേയമായ ആശുപത്രിയാണ് മയോ ക്ലിനിക്ക്. അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക് അബുദാബി, ലണ്ടൻ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ കർക്കിനോസിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.

കൂടുതൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് മയോ ക്ലിനിക്കിന്റെ കോർപ്പറേറ്റ് ഡവലപ്‌മെന്റ് വിഭാഗം ചെയർമാൻ മനു നായർ പറഞ്ഞു. ‘കേരളകൗമുദി’യുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. കാൻസറുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങൾ, സാങ്കേതികവിദ്യ, വിവരങ്ങളുടെ വിശകലനം എന്നിവയിലാണ് താത്പര്യം. നേരിട്ട് ആശുപത്രി തുടങ്ങാൻ ലക്ഷ്യമില്ല. ഭാവിസാദ്ധ്യതകൾ പഠിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കർക്കിനോസിന്റെ കൊച്ചിയിലെ ലബോറട്ടറിയും ചികിത്സാകേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. ബംഗളൂരു, മുംബയ്, ഭുവനേശ്വർ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും. മയോ ക്ലിനിക് വികസിപ്പിച്ച സാങ്കേതിവിദ്യകൾ ഉപയോഗിച്ച് കർക്കിനോസിന്റെ ലബോറട്ടറികളിൽ പരിശോധനകൾ നടത്തുന്നുണ്ട്. പ്രവർത്തനം വിലയിരുത്തി കൂടുതൽ നിക്ഷേപസാദ്ധ്യത വിലയിരുത്താനാണ് മനു നായരുടെ സന്ദർശനമെന്നാണ് സൂചന. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയുമായും മയോ ക്ലിനിക് സഹകരിക്കുന്നുണ്ട്.

വൻ ലബോറട്ടറി ശൃംഖലകാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണവും വികസനവും നടത്തുന്ന സ്ഥാപനമാണ് മയോ ക്ലിനിക്. കാൻസർ ചികിത്സയിൽ പ്രശസ്തവുമാണ്. കാൻസർ നിർണയത്തിന് അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ ലബോറട്ടറി ശൃംഖലയാണ് മയോ ക്ലിനിക്. അമേരിക്കയിൽ മൂന്ന് ആശുപത്രികളുമുണ്ട്. മയോ ക്ലിനിക് കെയർ നെറ്റ്വർക്ക് എന്ന പേരിൽ നിരവധി ക്ലിനിക്കുകളുണ്ട്. 76,000 ജീവനക്കാർ മയോയിൽ പ്രവർത്തിക്കുന്നുണ്ട്.

മൂവാറ്റുപുഴ പുഴക്കരക്കാവ് ശങ്കരമംഗലത്ത് ശങ്കരൻ നായരുടെ മകനാണ് മനു നായർ. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിയമപഠനം പൂർത്തിയാക്കി എം.ബി.എ പഠിക്കാനാണ് അമേരിക്കയിലെത്തിയത്. അമേരിക്കയിൽ നിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ ഉന്നതപഠനം പൂർത്തിയാക്കി. മയോ ക്ലിനിക്കിന്റെ വികസനപദ്ധതികളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.

Top