പ്രമുഖ കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം

കാലിഫോര്‍ണിയ: പ്രമുഖ കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.
തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കുപ്പെടുന്നത് കുറയ്ക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് ജസ്റ്റിസ് വകുപ്പ് ആരോപിക്കുന്നു. ഉപഭോക്താക്കളെയും ഡെവലപ്പര്‍മാരെയും ചങ്ങലയ്ക്കിടുന്ന തരത്തിലാണ് ഐഫോണ്‍ ആപ്പ്സ്റ്റോറിലെ നിയന്ത്രണങ്ങള്‍ എന്നും പരാതിയില്‍ ആരോപിച്ചു.

ന്യൂജേഴ്സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരിക്കും ഇത്. കഴിഞ്ഞ കുറേ വര്‍ഷക്കാലമായുള്ള ആപ്പിളിന്റെ പ്രവര്‍ത്തന രീതിയെ ആകമാനം ചോദ്യം ചെയ്തുകൊണ്ടാണ് പരാതി.വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു. ഒട്ടനവധി സേവനങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന സൂപ്പര്‍ ആപ്പുകള്‍, സട്രീമിങ് ആപ്പുകള്‍ എന്നിവ വികസിപ്പിക്കുന്നത് തടയുന്നതിന് ആപ്പിള്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അത്തരം ആപ്പുകള്‍ ഉപഭോക്താക്കള്‍ ഐഫോണില്‍ തന്നെ നില്‍ക്കുന്നതിന് സഹായിക്കില്ലെന്ന് കണ്ടാണ് ഇത്.എതിരാളികളായ കമ്പനികള്‍ നിര്‍മിക്കുന്ന സ്മാര്‍ട് വാച്ചുകള്‍ ഐഫോണുമായി ബന്ധിപ്പിക്കുന്നത് കമ്പനി മനപ്പൂര്‍വം സങ്കീര്‍ണമാക്കുന്നു. ഫോണിലെ ടാപ് ടു പേ എന്‍എഫ്സി സാങ്കേതിക വിദ്യ ബാങ്കുകള്‍ക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നല്‍കുന്നില്ല. പകരം അത് ആപ്പിള്‍ പേ ഇടപാടുകള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും പ്രൊസസിങ് ഫീസ് ഇനത്തില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ആന്‍ഡ്രോയിഡ് ഉള്‍പ്പടെയുള്ള മറ്റ് ഫോണുകളില്‍ നിന്നുള്ള സന്ദേശങ്ങളെ പച്ച ബബിളുകളിലാക്കി വേര്‍തിരിക്കുന്നു. ഒപ്പം വീഡിയോ അയക്കുന്നതിനും മറ്റ് സന്ദേശങ്ങളയക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ സന്തുഷ്ടരാണെന്നും അക്കാരണത്താല്‍ അവര്‍ക്ക് തങ്ങളെ വിശ്വാസമുണ്ടെന്ന് ആപ്പിള്‍ പറഞ്ഞു. യുഎസ് നിയമം അനുസരിച്ച് വ്യവസായ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തിയാണ് തങ്ങളുടെ നിയമങ്ങളെന്നും കമ്പനി പറഞ്ഞു.പരാതി വസ്തുനിഷ്ടമല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കി.അതിനിടെ എപിക് ഗെയിംസ്, മെറ്റ, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആപ്പിളിന്റെ കുത്തക നിലപാടുകള്‍ക്കെതിരെ വിവിധ ആരോപണങ്ങളുമായി കേസ് നല്‍കിയിട്ടുണ്ട്. ആപ്പ് സ്റ്റോറിലെ ഇന്‍ ആപ്പ് പര്‍ച്ചേസ് പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് അതില്‍ പ്രധാനം.

ആപ്പിളിന്റെ പണമിടപാട് സംവിധാനങ്ങള്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് 30 ശതമാനം വരെയാണ് ആപ്പിള്‍ കമ്മീഷന്‍ ഇടാക്കുന്നത്. ഇതിനെതിരെ ഡെവലപ്പര്‍മാര്‍ കോടതിയെ സമീപിക്കുകയും പുറത്തുനിന്നുള്ള പേമെന്റ് സേവനങ്ങളുടെ ലിങ്കുകള്‍ നല്‍കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ആപ്പിള്‍ 27 ശതമാനം വരെ കമ്മീഷന്‍ ഇടാക്കുന്നുണ്ടെന്നും. പുറത്തുനിന്നുള്ള പേമെന്റ് ലിങ്കുകള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഡെവലപ്പര്‍മാര്‍ ആരോപിക്കുന്നു.ടെക്ക് വിപണിയിലെ ഇത്തരം കുത്തക നിലപാടുകള്‍ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് അവതരിപ്പിച്ചത്. ഈ നിയമം വന്നതോടെയാണ് ആപ്പിളിന് തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്ക് ഐഫോണിലും ഐപാഡിലും അനുവാദം നല്‍കേണ്ടി വന്നത്. ഇത് കൂടാതെ ടാപ് ടു പേ സംവിധാനവും മറ്റ് കമ്പനികള്‍ക്ക് നല്‍കേണ്ടതായിവരും.യുഎസ് നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ യുഎസിലും ആപ്പിളിനെതിരെ കര്‍ശനമായ നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടേക്കും.

Top