സവര്‍ണ്ണമേധാവികള്‍ക്ക് ദളിത് പൂജാരിയെ സഹിക്കുന്നില്ല, പിരിച്ചുവിടാന്‍ നിരാഹാരമെന്ന്

തിരുവനന്തപുരം: ഇപ്പോഴും ജാതി ചിന്താഗതിയിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല.

ചരിത്ര ഉത്തരവിലൂടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കിയതാണ് ജാതി കോമരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

രാജ്യം മുഴുവന്‍ മാതൃകാപരമായ നടപടിയെന്ന് വാഴ്ത്തിയ നിയമനങ്ങള്‍ അട്ടിമറിക്കുന്നതിനായി സംഘടിതമായ നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.

മന:പൂര്‍വ്വം ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദളിത് പൂജാരികള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങളെ സര്‍ക്കാറും ഗൗരവമായാണ് കാണുന്നത്.

പുതുതായി നിയമനം ലഭിച്ച ദളിത് പൂജാരി യദു കൃഷ്ണനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈ മാസം 30 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ തീരുമാനം.

യോഗക്ഷേമ സഭയുടെ പിന്തുണയോടെ ശാന്തി ക്ഷേമ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എസ് കൃഷ്ണന്‍ നമ്പൂതിരിയാണ് നിരാഹാര സമരം നടത്തുന്നത്.

ക്ഷേത്രത്തിലെ പൂജാ കാര്യങ്ങളില്‍ മുടക്കു വരുത്തി എന്ന് ആരോപിച്ചാണ് സമരം.

എന്നാല്‍ താന്‍ ലീവ് എഴുതി കൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയ ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും പകരക്കാരനായ പൂജാരിയുടെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ നട തുറക്കാന്‍ അല്പം വൈകുക മാത്രമാണ് ഉണ്ടായതെന്നാണ് യദു പറയുന്നത്.

ഈ സംഭവം മുന്‍നിര്‍ത്തി ദളിത് പൂജാരികള്‍ക്കെതിരെ ശക്തമായ പ്രചരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

നാളിതുവരെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് അവര്‍ണ്ണനെ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന മാനസികാവസ്ഥയാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

ഒരു പൂജാരിക്ക് ചേരാത്ത പ്രവര്‍ത്തി നടത്തിയവരെ പോലും സംരക്ഷിക്കുന്ന വിഭാഗങ്ങള്‍ മനപ്പൂര്‍വ്വം ദളിത് പൂജാരിയെ വേട്ടയാടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

യു.പി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സവര്‍ണ്ണമേധാവിത്വവും അതിക്രമങ്ങളും കേരളത്തിന്റെ മണ്ണില്‍ ചിലവാകില്ലെന്നാണ് പൊതുവികാരം.

Top