ഉന്നാവോ കേസ്; ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റണം, യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ നീതികിട്ടില്ലെന്ന്…

ലക്‌നൗ : ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റണമെന്നും യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍. അപകടത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍ പോലും പ്രതിയായ എംഎല്‍എയുടെ ഗൂണ്ടകള്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണു പെണ്‍കുട്ടിക്കുള്ളത്. ആറാം ക്ലാസ് വരെ പഠിച്ചു. അങ്കണവാടിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞു ശശി സിങ് എന്ന സ്ത്രീയാണ് എംഎല്‍എയുടെ അടുത്തെത്തിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു .

അപകടത്തില്‍ പരിക്കേറ്റ പരാതിക്കാരിയുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിട്ടുള്ള പെണ്‍കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുകയാണെന്നും അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ശ്വാസകോശത്തിലെ പരുക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം കൂട്ടിച്ചേര്‍ത്തു.

അതേസമയം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി.ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

അതേസമയം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് പൊലിസും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് സി.ബി.ഐ കേസ് ഏറ്റെടുത്ത് നടപടികള്‍ തുടങ്ങും വരെയായിരിക്കും ഇവരുടെ അന്വേഷണം. റായ്ബറേലി എ.എസ്.പി ഷാഹി ശേഖര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരെത്തെ പൂര്‍ത്തീകരിച്ചിരുന്നു.

അതേസമയം പീഡനക്കേസ് പ്രതി കുല്‍ദീപുമായി ബന്ധമില്ലന്ന് അവകാശപ്പെട്ട് പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബം രംഗത്തെത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറുമായി ട്രക്ക് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ് . വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് യു .പി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈമാസം 12 ന്, കുടുംബം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും ഇന്നലെ പുറത്ത് വന്നിരുന്നു.

അപകടക്കേസില്‍ കുല്‍ദീപിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയായ കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി സസ്പന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണകൂടം കൂടി അറിഞ്ഞുകൊണ്ടുള്ള അപകടമാണിതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Top