ദളിത് എഴുത്തുകാരുടെ രചനകള്‍ സിലബസില്‍ നിന്ന് നീക്കി ഡല്‍ഹി യൂണിവേഴ്‌സിറ്റി

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷ് സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി.

അതേസമയം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിലെ 15 അംഗങ്ങള്‍ മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ വെച്ച് 15 അംഗങ്ങളും മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

ദളിത് എഴുത്തുകാരായ ബാമയുടെയും സുകര്‍ത്താരിണിയുടെയും കൃതികള്‍ നീക്കം ചെയ്യാന്‍ മേല്‍നോട്ടസമിതി ആദ്യം തീരുമാനിച്ചെന്നും അവരുടെ സൃഷ്ടികള്‍ക്ക് പകരം ‘സവര്‍ണ്ണ എഴുത്തുകാരിയായ രമാബായി’ യുടെ എഴുത്ത് ഉള്‍ക്കൊള്ളിച്ചുവെന്നുമാണ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്. പിന്നീട് ഗോത്രവര്‍ഗ സ്ത്രീയെക്കുറിച്ച് മഹാശ്വേതാദേവി എഴുതിയ ദ്രൗപതി എന്ന കഥ നീക്കം ചെയ്യാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിനോട് പറയുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യത്തിനെതിരെ മേല്‍നോട്ട സമിതി എപ്പോഴും മുന്‍വിധിയോടെ പെരുമാറുന്നെന്നും സിലബസില്‍ നിന്ന് അത്തരം ശബ്ദങ്ങളെല്ലാം നീക്കം ചെയ്യാനുള്ള സംഘടിത ശ്രമങ്ങളില്‍ നിന്ന് അത് വ്യക്തമാണെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

 

Top