കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: കാബൂര്‍ വിമാനത്താവളത്തില്‍ ഐ എസ് ഭീഷണി നിലനില്‍ക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.

കൂടാതെ, ഭീകരര്‍ക്ക് കനത്ത് തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം അവസാനഘട്ടത്തിലാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. അതേസമയം ഓഗസ്റ്റ് 31 വരെയാണ് വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തിയ്യതി താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 യു.എസ് സൈനികരും ഉള്‍പ്പെടുന്നു. ഒരു ദശകത്തിനിടെ ഇതാദ്യമായാണ് അഫ്ഗാനില്‍ ഒറ്റ ദിവസം ഇത്രയും അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. അതിനാല്‍ ബൈഡനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Top