അഫ്ഗാനിസ്താനിലെ സേനാപിന്മാറ്റം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അമേരിക്ക

കാബൂള്‍: അഫ്ഗാനിസ്താനിലെ സൈനികപിന്മാറ്റം ഈ മാസം 31ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് അമേരിക്ക. പിന്മാറ്റം വേഗത്തിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കയുടെ മുഴുവന്‍ സൈനികരും ഈ മാസം 31 ന് ഒഴിഞ്ഞു പോകണമെന്ന താലിബാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി.

ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം അമേരിക്ക ആഗസ്റ്റ് 31ന് പൂര്‍ത്തിയാക്കണം. കൂടുതല്‍ സാവകാശം നല്‍കില്ല. വിമാനത്താവളത്തിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്നും താലിബാന്‍ വക്താവ്  വ്യക്തമാക്കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം.

അതേസമയം ഒരാഴ്ചക്കകം എങ്ങനെ സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന ആശങ്ക നാറ്റോ സൈന്യത്തിനുണ്ട്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം യു.എസ് താലിബാന് മുന്നില്‍ വെച്ചിരുന്നു. സി.ഐ.എ തലവന്‍ തന്നെ കാബൂളില്‍ നേരിട്ടെത്തി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിയ താലിബാന്‍ ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക പിന്‍മാറ്റം വേഗത്തിലാക്കാന്‍ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Top