യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും അമേരിക്ക- ബ്രിട്ടന്‍ സഖ്യം ആക്രമണം നടത്തി

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും അമേരിക്ക- ബ്രിട്ടന്‍ സഖ്യം ആക്രമണം നടത്തി. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍- നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴിയുള്ള ഗതാഗതം ഹൂതി ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചെങ്കടല്‍ അസ്ഥിരമായാല്‍ ആകെയുള്ള മറ്റൊരു മാര്‍ഗം ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പ് ചുറ്റി പോകുന്ന ഒരേയൊരു കടല്‍ മാര്‍ഗമാണ്. ഈ ദൈര്‍ഘ്യമേറിയ റൂട്ട് ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കച്ചവടം മന്ദഗതിയിലാക്കിയിട്ടുണ്ട്.പുതിയ ആക്രമണങ്ങള്‍ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലില്‍ യെമന്‍ വിമത സംഘം നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി 11നാണ് അമേരിക്ക- ബ്രിട്ടന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഹൂതികള്‍ക്ക് നേരെ ആദ്യ ആക്രമണം നടക്കുന്നത്.

ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിച്ചു. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് അമേരിക്കന്‍ സൈനിക ചരക്ക് കപ്പലായ ഓഷ്യന്‍ ജാസ് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് ചെങ്കടലിലൂടെയുള്ള ചരക്കു കപ്പല്‍ ഗതാഗതം തടസപ്പെടുത്താന്‍ ഹൂതികള്‍ ആരംഭിച്ചത്. ഗാസയിലെ ഇസ്രയേല്‍ നടപടി അവസാനപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്.

Top