ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നതിനായി യുഎന്‍ ഇസ്രയേലുമായി ഒത്തുകളിക്കുകയാണെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണ് ഗുട്ടെറെസിന്റെ പ്രതികരണം.

അതേസമയം, യുദ്ധം അവസാനിച്ചാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഗാസയുടെ സുരക്ഷാചുമതല തങ്ങള്‍ക്കല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തലപൊക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ വടക്കുള്ള പലസ്തീനിയന്‍ ജനതയോട് തെക്ക് ഭാഗത്തേക്ക് നീങ്ങാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ 1.5 ദശലക്ഷം ജനങ്ങള്‍ പലായനം ചെയ്തതായാണ് യു.എന്നിന്റെ കണക്ക്. യുദ്ധത്തില്‍ 10,500-ല്‍ അധികം ജനങ്ങള്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

 

Top