നിയമം ലംഘിച്ച് താമസിച്ചവര്‍ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍

അബുദാബി: ആഗസ്റ്റ് ഒന്നു മുതല്‍ നിയമം ലംഘിച്ച് താമസിച്ചവര്‍ യു.എ.ഇ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍. ജൂലൈ 31നു ശേഷം അനധികൃതമായി യു.എ.ഇയില്‍ തങ്ങിയവര്‍ക്കെതിരെ കുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നീക്കമുള്ളത്.

അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ പൊതുമാപ്പ് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ദ് അല്‍ റാഷിദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുമാപ്പ് പ്രഖ്യാപിച്ച തീയതിക്കു മുമ്പേ അനധികൃതരായി മാറിയവരുടെ കാര്യത്തില്‍ മാത്രമാണ് ആനുകൂല്യം ലഭ്യമാവുന്നത്. ആഗസ്റ്റ് ഒന്നു മുതലാണ് യു.എ.ഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. അടുത്ത മാസം അവസാനം വരെ പൊതുമാപ്പ് കാലാവധി നീണ്ടു നില്‍ക്കും.

പൊതുമാപ്പിന്റെ ആനുകൂല്യമായി തൊഴില്‍ തേടാന്‍ നിയമ ലംഘകര്‍ക്ക് ആറുമാസ കാലാവധിയുള്ള വിസ നല്‍കും. കഴിഞ്ഞ മാസം പ്രവര്‍ത്തനം ആരംഭിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കണം. അനധികൃത താമസക്കാരില്‍ കൂടുതലും ആറു മാസം കാലാവധിയുള്ള വിസ ലഭ്യമാക്കി ഇവിടെ തന്നെ തങ്ങാനാണ് താല്‍പര്യമെടുക്കുന്നതെന്ന്‌ എമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Top