ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളിലും സൈബര്‍ ആക്രമണ സാധ്യതയെന്ന് കേന്ദ്രമന്ത്രി

ലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ മറ്റേതൊരു സാങ്കേതിക ആപ്ലിക്കേഷനെയും പോലെ സൈബർ ആക്രമണങ്ങൾക്കും സൈബർ സുരക്ഷാ വീഴ്‍ചകള്‍ക്കും വിധേയമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി. ലോക്‌സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇ വി ചാർജിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ആപ്ലിക്കേഷനുകളിലും സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചതായി ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് (സി.ഇ.ആർ.ടി-ഇൻ) ടീം അറിയിച്ചിട്ടുണ്ട് എന്ന് ഗഡ്‍കരി വ്യക്തമാക്കി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാർ പൂർണ്ണമായി ബോധവാന്മാരാണെന്നും ഹാക്കിങ് പ്രശ്‌നത്തെ ചെറുക്കുന്നതിനുള്ള നടപടികൾ സജീവമായി സ്വീകരിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ സൈബർ സുരക്ഷാ സംഭവങ്ങളുടെ എണ്ണം യഥാക്രമം 2,08,456; 3,94,499; 11,58,208; 14,02,809, 13,91,457 എന്നിങ്ങനെയാണ്.

അതേസമയം ഈ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 147 ലക്ഷം രൂപ ഹിറ്റ് ആൻഡ് റൺ കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്‍കരി പറഞ്ഞു . 2022ലെ ഹിറ്റ് ആൻഡ് റൺ മോട്ടോർ അപകടങ്ങളുടെ ഇരകൾക്കുള്ള നഷ്ടപരിഹാരം മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവർക്ക് ഗുരുതരമായ പരിക്കുകളുണ്ടായാൽ 50,000 രൂപയും മരണം സംഭവിച്ചാൽ 2,00,000 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങൾ പുതിയ വിജ്ഞാപനം നൽകുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ 12,200 കിലോമീറ്റർ ദേശീയ പാത നിർമ്മാണത്തിന് മന്ത്രാലയം കൂടുതൽ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്‍കരി പറഞ്ഞു. 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ദേശീയ പാതകളുടെ നിർമ്മാണ ലക്ഷ്യം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 21,864 കോടി രൂപ ചെലവ് വരുന്ന 19 പദ്ധതികൾ സ്ഥലമെടുപ്പ് വൈകുന്നതിനാൽ വൈകുന്നുണ്ടെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

Top