പാക്കിസ്ഥാനെ കൂടെ നിര്‍ത്തി ഗുജറാത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ലെന്ന് നഖ്‌വി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ കൂടെ നിര്‍ത്തി ഗുജറാത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.

പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അഭിപ്രായവുമായി മുക്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവി അര്‍ഷാദ് റഫീഖ് സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ ബിജെപി ശക്തമായി തുറന്നടിച്ചിരുന്നു.

ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക് പാക്കിസ്ഥാന്‍ മുതിരരുതെന്നും അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും തുറന്നടിച്ച രവിശങ്കര്‍ പ്രസാദ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കി.

നേരത്തെ, അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന നരേന്ദ്രമോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാക്കിസ്ഥാന്‍.

‘തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാര്‍ട്ടികള്‍ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെയാവരുത്. അവ തീര്‍ത്തും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ്.’ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Top