‘അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി ശന്തനു താക്കൂര്‍

ഡല്‍ഹി: അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളില്‍ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 7 ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും. ബംഗാളില്‍ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും’- സൗത്ത് 24 പര്‍ഗാനാസിലെ കാക്ദ്വീപില്‍ നടന്ന പൊതുയോഗത്തില്‍ ശന്തനു താക്കൂര്‍ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സിഎഎ നടപ്പാക്കുമെന്നും അത് ആര്‍ക്കും തടയാനാകില്ലെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമിത് ഷാ പറഞ്ഞിരുന്നു.

സിഎഎയെ എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കൊല്‍ക്കത്തയിലെ ഐക്കണിക് എസ്പ്ലനേഡില്‍ നടന്ന റാലിയില്‍, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം, പ്രീണനം തുടങ്ങിയ വിഷയങ്ങളില്‍ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അമിത് ഷാ, 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ സര്‍ക്കാരിനെ താഴെയിറക്കാനും ബിജെപിയെ തെരഞ്ഞെടുക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Top