എം.പാനലുകാരെ സ്വിഫ്റ്റിലെത്തിക്കാന്‍ ശ്രമവുമായി യൂണിയന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ കെ-സ്വിഫ്റ്റിലേക്ക് നിയമിക്കാൻ കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ലെന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് എംപാനല്‍ഡ് ജീവനക്കാരുടെ പിരിച്ചുവിടലെന്ന് അസോസിയേഷന്‍ വാദിക്കുന്നു.

1,550 ഡ്രൈവര്‍മാരെയും 3,861 കണ്ടക്ടര്‍മാരെയും 1,500 മിനിസ്റ്റീരിയല്‍ ജീവനക്കാരെയുമാണ് കോര്‍പ്പറേഷനില്‍നിന്ന് പിരിച്ചുവിട്ടത്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പിരിച്ചുവിട്ടവരെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല.

പിരിച്ചുവിട്ട ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അസോസിയേഷന്‍ സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തയ്യാറാക്കിയ ബദല്‍രേഖയിലും എംപാനല്‍ഡുകാരുടെ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തയാഴ്ച ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

കെ-സ്വിഫ്റ്റ് തുടങ്ങുമ്പോള്‍ പിരിച്ചുവിട്ടവരെ അതിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. സ്വിഫ്റ്റില്‍ പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് നിയമിതരായത്. ഇതുമൂലം ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ്. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ വന്നിട്ടും കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയുന്നില്ല. വിരമിച്ച ജീവനക്കാര്‍ക്ക് പകരം ആരെയും നിയമിക്കുന്നുമില്ല.

വലിയ തൊഴില്‍ഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ ഷെഡ്യൂളുകളുടെ എണ്ണം 6,000 ആയി ഉയര്‍ത്തണം. ഇതിനായി ജീവനക്കാരെ പുനര്‍വിന്യസിക്കണം. ജീവനക്കാരുടെ കുറവുമൂലം സര്‍വീസ് മുടങ്ങുന്നത് അവസാനിപ്പിക്കാന്‍ എംപാനല്‍ഡുകാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ എംപാനല്‍ഡുകാരെ തിരിച്ചെടുക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

Top