ഏക സിവില്‍ കോഡ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗക്കാരെ ബാധിക്കില്ല; കേന്ദ്രമന്ത്രി

ടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗക്കാരുടെ അവകാശത്തെയോ ആചാരത്തെയോ ഏക സിവില്‍ കോഡ് ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി എസ്.പി ബാഗേല്‍. ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതയെ ബി.ജെ.പി രാജ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധി എം.പിമാരും, എം.എല്‍.എമാരും മന്ത്രിമാരും ഞങ്ങള്‍ക്കുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ സംസ്‌കാരത്തെ പാര്‍ട്ടി ബഹുമാനിക്കുന്നുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിയമവും നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ ഷെഡ്യൂള്‍ ആറ് പ്രകാരം, അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ ഗോത്രവര്‍ഗ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ അനുമതി കൂടാതെ കേന്ദ്രത്തിന് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാരെ ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന് നിയമകാര്യ പാര്‍ലമെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടിയിരുന്നു.

Top