ആലുവയിലേത് ദൗര്‍ഭാഗ്യകരമായ സംഭവം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് അരങ്ങേറിയത്. കുറ്റവാളി രക്ഷപെടാന്‍ പാടില്ല എന്നതാണ് പ്രധാനം, അത് ഉറപ്പാക്കും. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം വര്‍ദ്ധിച്ചു വരികയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീര്‍ത്തും രാഷ്ട്രീയപരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആലുവ സംഭവം ഒറ്റപ്പെട്ടത് തന്നെ. ആ ഒറ്റപ്പെട്ട സംഭവത്തെ എടുത്ത് പര്‍വ്വതീകരിച്ച് കേരളത്തില്‍ ആകെ എന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആലുവയിലെ കുട്ടിയുടെ പിതാവിന്റെ വേദനയോട് ഈ നാട് ചേരുകയാണുണ്ടായത്. പ്രതിയെ പിടികൂടാന്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് സഹായം ഉണ്ടായിട്ടുണ്ട്. അതിന് നാട്ടുകാരുടെയും സഹായം ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാന നിലയില്‍ രാജ്യത്ത് തന്നെ അഭിമാനകരമായ നിലയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി. അതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ സാധിക്കും. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നതാണ് അഭിമാനകരമായ രീതിയില്‍ കേരളത്തില്‍ നിര്‍വഹിക്കുന്നത്. പൊതുവായി നാടിന്റെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ നമുക്ക് ആയിട്ടുണ്ട്. അതില്‍ ജനങ്ങള്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര വകുപ്പ് ഒരു ഗൂഢ സംഘത്തിന്റെ കയ്യില്‍ ആണ് എന്ന ആരോപണം പ്രത്യേക മനോനിലയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് ശരിയായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വകുപ്പിന് അതിന്റെതായ ശ്രേണി വച്ചുകൊണ്ട് തന്നെയാണ് നയിക്കുന്നത് എന്ന് പിണറായി വിജയന്‍ പറഞ്ഞു.അവരവര്‍മനസ്സില്‍ കാണുന്നത് പറയാന്‍ ശരിയല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കരുത്. എന്തിനെയും അപഹസിക്കാനുള്ള നീക്കം ആണിത്. രാഷ്ട്രീയമായ പ്രചരണത്തിനു വേണ്ടി നാടിനെ ആകെ അപഹസിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top