യുഎ ഇയിലെ ബാങ്കുകളുടെ ലയനം നിക്ഷേപമേഖലയക്ക് ഗുണം ചെയ്യുമെന്ന് മൂഡീസ്

അബുദാബി: യുഎ ഇയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ലയനം നിക്ഷേപ മേഖലയക്ക് ഗുണം ചെയ്യുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ഹിലാല്‍ ബാങ്ക് എന്നിവ ലയിച്ചാല്‍ ബാങ്കിന്റെ ശേഷി ശക്തിപ്പെടുത്തുന്നതൊടൊപ്പം, ഫണ്ടിംഗ് ചെലവുകളില്‍ സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് മൂഡീസ് പുറത്തിറക്കിയ മേഖലാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നിവരുടെ ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി കഴിഞ്ഞ ദിവസം അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ലയനം സാധ്യമായാല്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്ഥാപനമായി ഇത് മാറും. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും, വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നുമാണ് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് അധികൃതരുടെ അഭിപ്രായം.

രാജ്യത്തെ 9 ദശലക്ഷം ജനങ്ങളുടെ സേവനത്തിനായി നിലവില്‍ അറുപതോളം ബാങ്കുകളാണുള്ളത്. അതുകൊണ്ടു തന്നെ നിക്ഷേപം സ്വന്തമാക്കാനും മറ്റുമായി വലിയ തോതിലുള്ള കിടമത്സരം ബാങ്കുകള്‍ക്കിടയിലുണ്ടെന്നും മൂഡീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top