ആ ഉത്തരവില്‍ പകച്ചു നില്‍ക്കുന്നത് യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ !

ണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ച് വെറുമൊരു അടയാളമല്ല, വികാരം കൂടിയാണ്. വോട്ടര്‍മാരുടെ മനസ്സില്‍ പതിഞ്ഞ ഈ ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തില്‍ മത്സരിക്കുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. രണ്ടില ഇല്ലാതിരുന്നതാണ് പാലായില്‍ അടി തെറ്റാന്‍ പ്രധാന കാരണമെന്നാണ് ജോസ്.കെ മാണി വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ചിഹ്നം വിട്ടു നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി അവര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗമാണെന്ന വ്യക്തതയാണ് ഇതോടെ കൈവന്നിരിക്കുന്നത്. യു.ഡി.എഫിനെ സംബന്ധിച്ചും ഇത് വലിയ പ്രഹരമാണ്. ജോസഫ് പക്ഷത്തിനു വേണ്ടി ജോസ് പക്ഷത്തെ പുറത്താക്കിയത് അബദ്ധമായെന്ന് അവരെ ബോധ്യപ്പെടുത്തിയ തീരുമാനം കൂടിയാണിത്. ഇടതുപക്ഷ ചേരി കൂടുതല്‍ ശക്തിപ്പെടുമെന്ന ആശങ്കയും യു.ഡി.എഫ് നേതാക്കള്‍ക്കിപ്പോഴുണ്ട്.

നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇല്ലാത്ത മാണിയുടെ കുതിരയെ ‘കവര്‍ന്ന’ ജോസഫില്‍ നിന്നും രണ്ടില തിരിച്ചുപിടിച്ചത് ജോസ് കെ മാണിയുടെ മധുര പ്രതികാരം തന്നെയാണ്. ചരിത്രത്തിന്റെ പുനരാവര്‍ത്തനത്തിനാണ് 33 വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിലൂടെ ജോസ് കെ മാണി വിഭാഗത്തിന് ഇനി ലഭിക്കുക. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ്. ആ ചരിത്രം തന്നെയാണ് വീണ്ടും ഒരിക്കല്‍ കൂടി സംഭവിച്ചിരിക്കുന്നത്. പി.ടി ചാക്കോയുടെ പേരിലാണ് കേരള കോണ്‍ഗ്രസ് പിറവി കൊണ്ടിരുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനൊടുവില്‍ പി.ടി ചാക്കോയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു. പിന്നീട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ അദ്ദേഹം പരാജിതനാവുകയും ചെയ്തു. എന്നിട്ടും കോണ്‍ഗ്രസില്‍ തുടര്‍ന്ന ചാക്കോ, ഒരു കേസിന്റെ വാദത്തിനായി കോഴിക്കോട്ട് വന്നപ്പോഴാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നത്.

കോണ്‍ഗ്രസിന്റെ അവഗണനയില്‍ ഹൃദയംപൊട്ടിയാണ് ചാക്കോ മരിച്ചതെന്ന പ്രചരണവുമായാണ് കെ.എം ജോര്‍ജിന്റെയും ആര്‍. ബാലകൃഷ്ണ പിള്ളയുടെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പിറവിയെടുത്തത്. 1964 ഒക്ടോബര്‍ ഒമ്പതിന് ഇരുവരും കോണ്‍ഗ്രസിലെ 15 എം.എല്‍മാര്‍ക്കൊപ്പം പുറത്തുവന്നാണ് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയിരുന്നത്. എന്‍.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭനാണ് പാര്‍ട്ടിക്ക് കേരള കോണ്‍ഗ്രസ് എന്ന പേര് നല്‍കിയത്. അന്ന് കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എം മാണി അടക്കമുള്ളവരും തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെത്തി. അന്നു മുതല്‍ കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തിലെ പ്രധാന ശക്തിയാണ്. പ്രത്യേകിച്ച് യു.ഡി.എഫ് രാഷ്ട്രീയത്തില്‍. കേരള കോണ്‍ഗ്രസ്സില്ലാതെ കേരള ഭരണം സ്വപ്നം കാണാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല. മലബാറില്‍ മുസ്ലീം ലീഗും തെക്കന്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസ്സുമാണ് യു.ഡി.എഫിന്റെ അടിത്തറ. അത് ഇന്നും അങ്ങനെ തന്നെയാണ്. കേരള കോണ്‍ഗ്രസ് രൂപീകൃതമായത് മുതല്‍ 1965 മുതല്‍ 1987 വരെ കെ.എം മാണി പാലായില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ കുതിര ചിഹ്നത്തിലായിരുന്നു. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായ കുതിരയെ പിന്നീട് പി.ജെ ജോസഫ് സ്വന്തമാക്കിയത് ചതിയിലൂടെയായിരുന്നു.

1977ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും കെ. എം മാണിയും നാരായണക്കുറുപ്പും ജോണ്‍ ജേക്കബുമടക്കം മൂന്ന് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. പാലായിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനിടെ മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു. രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ. കരുണാകരനും രാജിവെച്ചു. പകരം എ.കെ ആന്റണിയാണ് മുഖ്യമന്ത്രിയായത്. കെ.എം മാണിക്ക് പകരം പി.ജെ ജോസഫാണ് അക്കാലത്ത് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റിരുന്നത്. കേസ് വിജയിച്ച് മാണി തിരിച്ചെത്തിയപ്പോള്‍ മന്ത്രി സ്ഥാനം ജോസഫും വിട്ടു നല്‍കി. പകരം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസഫ് ചോദിച്ചെങ്കിലും മാണി നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് പരാജയപ്പെടുകയും മാണിയുടെ നോമിനി വി.ടി സെബാസ്റ്റ്യന്‍ വിജയിക്കുകയും ചെയ്തു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പിറവിയുണ്ടായത്. 1979ലാണ് കെ.എം മാണി കേരള കോണ്‍ഗ്രസ് എം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. മാണി ചെയര്‍മാനായ പാര്‍ട്ടിക്ക് അന്ന് 14 എം.എല്‍.എമാരാണുണ്ടായിരുന്നത്. മാണി യു.ഡി.എഫില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് വിഭാഗം എല്‍.ഡി.എഫിലേക്ക് ചേക്കേറുകയും ചെയ്തു.

എന്നാല്‍ 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണി യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് ചുവട് മാറ്റുകയുണ്ടായി. തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയുമായി. ജോസഫാകട്ടെ അക്കാലത്ത് എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് തിരിച്ചു പോയത്. തമ്മിലടിച്ച് പിരിഞ്ഞ മാണിയും ജോസഫും ബാലകൃഷ്ണപിള്ളയും വീണ്ടും യു.ഡി.എഫിലെത്തുന്നത് 1982ലാണ്. മൂന്നു പാര്‍ട്ടികളും ഘടകകക്ഷികളായി യു.ഡി.എഫില്‍ നിലയുറപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മാണി ധനമന്ത്രിയും ജോസഫ് റവന്യൂ മന്ത്രിയുമായി. ബാലകൃഷ്ണപിള്ളക്ക് ഗതാഗത വകുപ്പും മാണി ഗ്രൂപ്പിലെ ടി.എം ജേക്കബിന് വിദ്യാഭ്യാസ വകുപ്പും ലഭിക്കുകയുണ്ടായി. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന് കേട്ടയവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴ മണ്ഡലവുമാണ് കോണ്‍ഗ്രസ് അനുവദിച്ചിരുന്നത്. ജോസഫ് വിഭാഗം മുകുന്ദപുരം കൂടി വേണമെന്ന് തര്‍ക്കം ആ ഘട്ടത്തില്‍ ഉന്നയിക്കുകയുണ്ടായി. ഇതിനായി മാണിയും ജോസഫും ഒന്നിച്ച് നിന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഒടുവില്‍ സമ്മര്‍ദ്ദം ഫലിക്കുകയും മൂവാറ്റുപുഴ മണ്ഡലവും കേരള കോണ്‍ഗ്രസ് നേടിയെടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിലെ സ്‌കറിയാ തോമസ് കുതിര ചിഹ്നത്തില്‍ കോട്ടയത്തു മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് ദയനീയമായാണ് പരാജയപ്പെട്ടിരുന്നത്. അതേസമയം ആന ചിഹ്നത്തില്‍ മത്സരിച്ച ജോസഫ് വിഭാഗം മുകുന്ദപുരത്തും മൂവാറ്റുപുഴയിലും വിജയിക്കുകയുണ്ടായി. പിന്നീട് മാണിയും ജോസഫും ബാലകൃഷ്ണ പിള്ളയും എറണാകുളത്തു ചേര്‍ന്ന ലയന സമ്മേളനത്തില്‍ ഒറ്റ പാര്‍ട്ടിയായി മാറുന്നതും ഈ കേരളം കണ്ടതാണ്. മന്ത്രിസഭയിലും യു.ഡി.എഫിലും മുസ്ലീം ലീഗിനേക്കാള്‍ കരുത്തരായിരുന്നു അക്കാലത്ത് കേരള കോണ്‍ഗ്രസ്സ്. 25 എം.എല്‍.എമാരും നാല് മന്ത്രിമാരുമായിരുന്നു അന്ന് പാര്‍ട്ടിക്കുണ്ടായിരുന്നത്. 87ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് വീണ്ടും പിളരുകയുണ്ടായി. ആ പിളര്‍പ്പില്‍ ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും ടി.എം ജേക്കബ് മാണിക്കൊപ്പവുമാണ് നിലയുറപ്പിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് കുതിരചിഹ്നം വേണമെന്ന് ഇരുവിഭാഗവും ശക്തമായി തന്നെ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് എം.പിമാരുണ്ടായിരുന്ന ജോസഫിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുതിര ചിഹ്നം അനുവദിച്ചിരുന്നത്. അതുവരെ കെ.എം മാണിയുടെ രാഷ്ട്രീയ പ്രതീകമായിരുന്ന കുതിര അതോടെ നഷ്ടമാകുകയും ചെയ്തു. അന്ന് മുതല്‍ പകരമായി ലഭിച്ച രണ്ടിലയിലായിരുന്നു മാണി കോണ്‍ഗ്രസിന്റെ ‘ജീവന്‍’ നിലനിന്നിരുന്നത്. പിളര്‍പ്പുകള്‍ക്കൊടുവില്‍ 2010ല്‍ ഇടതുമുന്നണി വിട്ട് പി.ജെ ജോസഫ് കേരള കോണ്‍ഗ്രസില്‍ ലയിച്ചപ്പോഴും പാര്‍ട്ടിയുടെ ചിഹ്നം രണ്ടിലയായി തന്നെയാണ് തുടര്‍ന്നിരുന്നത്. ഈ രണ്ടിലയെയും കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയെയുമാണ് കെ.എം മാണിയുടെ മരണ ശേഷം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ പോലും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം വിട്ടു നല്‍കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. ഇതു മൂലം കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് വിഭാഗം പാലായില്‍ മത്സരിച്ചിരുന്നത്. ജോസ് പക്ഷത്തിന് വലിയ തിരിച്ചടിയായി മാറിയതും സ്വന്തം മണ്ഡലത്തിലെ ഈ കനത്ത തോല്‍വി തന്നെയാണ്. അവസരം മുതലെടുത്ത് പാര്‍ട്ടിയിലെ ജോസ് വിഭാഗം നേതാക്കളില്‍ പലരെയും ജോസഫ് വിഭാഗം അടര്‍ത്തിയെടുക്കുകയും ചെയ്തു. ഈ ശക്തി കാട്ടിയാണ് ജോസ് വിഭാഗത്തെ പുറത്താക്കാന്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ജോസഫ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഇതിനെല്ലാം ‘കുട’ പിടിക്കാന്‍ കോതമംഗലത്തെ ബ്ലെയ്ഡ് കമ്പനി ഉടമയും അണിയറയില്‍ ഉണ്ടായിരുന്നു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് നിന്നും മത്സരിക്കാനാണ് ഈ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ ശ്രമിക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ എറണാകുളത്തെ പ്രധാന നേതാവ് കൂടിയാണ് ഈ തന്ത്രശാലി. കോണ്‍ഗ്രസ്സില്‍ നിന്നും മാത്യു കുഴല്‍നാടനും കോതമംഗലം സീറ്റിനായി നിലവില്‍ പരിശ്രമിക്കുന്നുണ്ട്. കുഴല്‍നാടനും വില്ലന്‍ കൊള്ള പലിശക്കാരന്‍ തന്നെയാണ്. ജോസ് വിഭാഗത്തെ പുറത്ത് ചാടിക്കാന്‍ യു.ഡി.എഫ് ഉന്നതനെയാണ് ജോസഫ് വിഭാഗം സ്വാധീനിച്ചിരിക്കുന്നത്. ലീഗിനെ പോലും ഈ നേതാവ് ഇടപെട്ടാണ് നിശബ്ദമാക്കിയിരുന്നത്. ജോസഫിനാണ് കരുത്ത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സകല നീക്കങ്ങളും. ഇതിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് സ്ഥാനമോഹം ജോസഫ് പക്ഷത്തിന്റെ തലക്ക് പിടിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഒടുവില്‍ ജോസ് വിഭാഗത്തെ പുറത്താക്കുന്നതിലും കലാശിച്ചിരിക്കുന്നത്. യു.ഡി.എഫ് ഉന്നതന്റെ തിരക്കഥയാണ് ഇവിടെയും നടപ്പായിരിക്കുന്നത്. ‘ചരിത്രപരമായ വിഡ്ഢിത്തരം’ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും, പുറത്താക്കലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ച് എം.എല്‍.എമാരാണ് രണ്ടില ചിഹ്നത്തില്‍ വിജയിച്ചിരുന്നത്. ഇതില്‍ സി.എഫ് തോമസും മോന്‍സ് ജോസഫും ജോസഫിനൊപ്പവും റോഷി അഗസ്റ്റിനും ജയരാജും ജോസ് കെ മാണിക്കുമൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം യു.ഡി.എഫിന് വോട്ടു ചെയ്യാനും ജോസ് വിഭാഗം തെരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കാനുമാണ് പരസ്പരം വിപ്പുകള്‍ നല്‍കിയിരുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള സി.എഫ് തോമസും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടില്ല. ജോസ് പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ വിട്ടു നിന്നപ്പോള്‍ ജോസഫും മോന്‍സ് ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്തിരുന്നത്. അതിപ്പോള്‍ ഇരുവര്‍ക്കും വലിയ പാരയായിരിക്കുകയാണ്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവിലൂടെ രണ്ടില ചിഹ്നവും പാര്‍ട്ടിയും ജോസ്. കെ മാണിക്ക് സ്വന്തമാകുന്നതോടെ വിപ്പു ലംഘിച്ചുവെന്ന പരാതിയില്‍ ജോസഫും മോന്‍സ് ജോസഫും ഉടന്‍ തന്നെ അയോഗ്യരാക്കപ്പെടും. രാഷ്ട്രീയമായി ജോസഫ് വിഭാഗത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായാണ് മാറാന്‍ പോകുന്നത്. 87ല്‍ രണ്ടു എം.പിമാരുടെ പിന്തുണയിലാണ് മാണിയുടെ കുതിര ചിഹ്നം ജോസഫ് തട്ടിയെടുത്തിരുന്നത്. അതുപോലെ രണ്ട് എം.പിമാരുടെ പിന്തുണയില്‍ തന്നെയാണ് ഇപ്പോള്‍ ജോസ് കെ മാണിയും പി.ജെ ജോസഫില്‍ നിന്നും രണ്ടില തിരിച്ചുപിടിച്ചിരിക്കുന്നത്. വിപ്പ് ലംഘിച്ചതിന് ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും നിയമസഭാംഗത്വം കൂടി നഷ്ടമാകുന്നതോടെ ജോസിന്റെ പ്രതികാരവും പൂര്‍ണ്ണമാകും. പിന്നെയുള്ളത് ശക്തി തെളിയിക്കലാണ്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പടവെട്ടാന്‍ ജോസ്.കെ മാണി തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ പടകുതിരകള്‍ക്ക് പോലും കാലിടറാനാണ് സാധ്യത.

Top