ഇടതുപക്ഷത്തിന്റെ ഭരണ തുടർച്ചയെ ഭയന്ന് യു.ഡി.എഫ് നേതൃത്വങ്ങൾ . . .

ടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഏഷ്യാനെറ്റ് സര്‍വേയില്‍ പിണറായിക്ക് പിന്നിലായി എന്നതിലല്ല, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ബഹുദൂരം പിന്നിലായി എന്നതാണ് ചെന്നിത്തലയുടെ ചങ്കിടിപ്പിക്കുന്നത്.

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വ്യക്തമായ മേധാവിത്വമാണ് സര്‍വേയിലൂടെ ഉമ്മന്‍ ചാണ്ടിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിന് തുടര്‍ ഭരണം പ്രവചിച്ച സര്‍വേയില്‍ 27 ശതമാനം പേരാണ് പിണറായി മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

23 ശതമാനം പേരുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചപ്പോള്‍ വെറും 5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് ബി.ജെ.പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ച 7 ശതമാനത്തിലും കുറവാണിത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിന് പോലും 5 ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് സര്‍വേ ഫലം ഒരു ആധികാരിക സര്‍വേ അല്ലങ്കിലും ഇത് നല്‍കുന്ന സൂചന വളരെ വലുതാണ്.

ഇടതുപക്ഷത്തിന് തുടര്‍ ഭരണസാധ്യത ഈ സര്‍വേ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകരും നല്‍കുന്നുണ്ട്. അതിന് പ്രധാന കാരണം സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ദളിത് വോട്ടുകളില്‍ 37 ശതമാനവും ഈഴവ വോട്ടുകളില്‍ 47 ശതമാനവുമാണ് ഇടതുപക്ഷത്തിന് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

മുസ്ലീം വോട്ടുകളില്‍ 49 ശതമാനവും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന സര്‍വേ നിരീക്ഷണവും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

ചുവപ്പിനോടുള്ള ‘അലര്‍ജി’ മുസ്ലീം സമുദായത്തിന് ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്.

മുസ്ലീം സമുദായ പാര്‍ട്ടികളെ ഒപ്പം കൂട്ടാതെ തന്നെ, നേരിട്ട് പിന്തുണ സമാഹരിക്കാന്‍ കഴിയുന്ന അവസ്ഥയിലാണിപ്പോള്‍ ഇടതുപക്ഷമുള്ളത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ, ഇടതുപക്ഷം സംഘടിപ്പിച്ച പ്രക്ഷോഭം ഇതിന് ഒന്നാന്തരം ഉദാഹരണമാണ്.

മുസ്ലീംലീഗ് അനുകൂല സമസ്ത പോലും മനുഷ്യ ശൃംഖലയില്‍ അണിചേരുന്ന സാഹചര്യമാണുണ്ടായത്.

രാജ്യത്ത് ഏറ്റവും അധികം പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പങ്കെടുത്ത പ്രക്ഷോഭവും ഇതുതന്നെയാണ്. 80 ലക്ഷത്തോളം പേരാണ് കൈകോര്‍ത്ത് കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധമറിയിച്ചിരുന്നത്.

മനുഷ്യശൃംഖലയെ പരസ്യമായി എതിര്‍ത്ത യു.ഡി.എഫ് നേതൃത്വമാണ് ഇതോടെ വെട്ടിലായി പോയത്.

അവര്‍ ബദലായി സൃഷ്ടിച്ച മനുഷ്യ ഭൂപടമാകട്ടെ വെറുമൊരു പടമായി മാറുകയുമുണ്ടായി.

പരമ്പരാഗതമായി മുസ്ലീം ജനസമൂഹത്തില്‍ നിന്നും യു.ഡി.എഫിന് ലഭിച്ച് കൊണ്ടിരുന്ന പിന്തുണക്കാണ് ഇതോടെ ഉലച്ചില്‍ തട്ടിയിരിക്കുന്നത്.

സംഘ പരിവാറിനെ ചെറുക്കുന്നതില്‍, സി.പി.എമ്മിലും ഇടതുപക്ഷത്തും കാണുന്ന ആത്മാര്‍ത്ഥത, കോണ്‍ഗ്രസ്സില്‍ ന്യൂനപക്ഷങ്ങള്‍ കാണുന്നില്ലെന്നുളളതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍, രാഹുലിനെയും കോണ്‍ഗ്രസ്സിനെയും രക്ഷകരായി കണ്ട്, ന്യൂനപക്ഷ വിഭാഗം ചെയ്ത വോട്ടുകളും പാഴായി കഴിഞ്ഞു.

ജോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ നിരവധി പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളാണ്, ഖദറിനോട് ഗുഡ് ബൈ പറഞ്ഞ് കാവിയണിഞ്ഞിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലും കോണ്‍ഗ്രസ്സ് പിന്നിലായിരുന്നു.

എന്നാല്‍,തങ്ങളുടെ സ്വാധീനത്തിനും അപ്പുറമായിരുന്ന ഇടതു സംഘടനകള്‍ നടത്തിയിരുന്ന പ്രതിഷേധം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായി പ്രക്ഷോഭ തീ പടര്‍ത്തിയത് എസ്.എഫ്.ഐയാണ്. കാമ്പസുകള്‍ വിട്ടിറങ്ങിയ ക്ഷുഭിത യൗവനം, തെരുവുകളില്‍ തീര്‍ത്തത് പ്രതിഷേധ ജ്വാലയാണ്.

ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും, എസ്.എഫ്.ഐ നേതാവുമായ ഐഷഘോഷ് ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ഈ ഘട്ടത്തിലൊക്കെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, എന്‍.എസ്.യു നേതൃത്വങ്ങള്‍ നിഷ്‌ക്രിയരായിരുന്നു.

മീഡിയയില്‍ വരാന്‍ വേണ്ടി മാത്രം ചില തട്ടിക്കൂട്ട് പ്രതിഷേധങ്ങള്‍ മാത്രമാണ് ഈ വിഭാഗം നടത്തിയിരുന്നത്.

കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളില്‍ തന്നെ, പൗരത്വ നിയമ ഭേദഗതി വിഷയത്തിലുള്ള ആശയ കുഴപ്പമാണ് ഈ പിന്നോട്ടടിക്ക് കാരണമായിരുന്നത്. ഇത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

കോവിഡ് വ്യാപനത്തോടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ നിലച്ചെങ്കിലും, ആ പ്രതിഷേധ തീ ഇപ്പോഴും ന്യൂനപക്ഷ വിഭാഗത്തിനുള്ളില്‍ നീറി പുകയുകയാണ്.

അതിന്റെ പ്രതിഫലനമാണ് ഏഷ്യാനെറ്റിന്റെ സര്‍വേയിലും ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്.

യു.ഡി.എഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്ന കണക്കാണിത്. മുസ്ലീം വോട്ടുകളില്‍ മാത്രം 49 ശതമാനമാണ് ഇടത്തോട്ട് ചരിഞ്ഞിരിക്കുന്നത്. ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫ് വിട്ടതോടെ, ക്രൈസ്തവ വോട്ട് ബാങ്കിലും ഇനി വലിയ വിള്ളലുണ്ടാകും.

യു.ഡി.എഫ് നേതാക്കളെ പരിഭ്രാന്തിയിലാക്കുന്ന സ്ഥിതിവിശേഷമാണിത്.

സര്‍വേയെ തള്ളി രംഗത്ത് വന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും, വരാനിരിക്കുന്ന ഈ അപകടം മുന്നില്‍ കാണുന്നുണ്ട്.

അതു കൊണ്ട് തന്നെ പിണറായിയെ നേരിടാന്‍, ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കണമെന്നതാണ് അവരുടെ ആവശ്യം. ഈ താല്‍പ്പര്യം മുസ്ലീം ലീഗിനുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍, നേതൃമാറ്റം ഉന്നയിക്കാനാണ് ലീഗിന്റെ നീക്കം.

സര്‍വേയില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ ബഹുദൂരം, ചെന്നിത്തല പിന്നോട്ട് പോയത് എ ഗ്രൂപ്പും ആയുധമാക്കുന്നുണ്ട്. കെ.സുധാകരനും ആര്‍.എസ്.പിയും മാത്രമാണ് ചെന്നിത്തലക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. ഈ പിന്തുണ കൊണ്ട് മാത്രം ഒരിക്കലും രമേശ് ചെന്നിത്തലക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുകയില്ല. പിണറായിയെ പോലെ കരുത്തനായ ഒരു മുഖ്യമന്ത്രിയെ നേരിടാനുള്ള ശേഷിയൊന്നും ചെന്നിത്തലയ്ക്കില്ല. കോണ്‍ഗ്രസ്സ് ഹൈക്കമാന്റും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെ.സി വേണുഗോപാലിന് കിട്ടിയ ജനപിന്തുണ മാത്രമാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലക്ക് കിട്ടിയിരിക്കുന്നത് എന്നത്, ഹൈക്കമാന്റിനെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാം എന്നതാണ്, ഹൈക്കമാന്റിന്റെ നിലവിലെ നിലപാട്. ഈ തിരഞ്ഞെടുപ്പിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാല്‍, ചെന്നിത്തല മാത്രമല്ല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും തെറിക്കാനാണ് സാധ്യത.

‘ഇത്തവണ അധികാരം ലഭിച്ചില്ലെങ്കില്‍, ഇനി ഒരിക്കലുമില്ല ‘ എന്നാണ്, 2021ലെ തിരഞ്ഞെടുപ്പിനെ എ ഗ്രൂപ്പും വിശേഷിപ്പിച്ചിരിക്കുന്നത്.

Express View

Top