ഭരണം പിടിക്കാൻ, ഏതു ‘മാർഗ്ഗവും’ സ്വീകരിക്കാൻ യു.ഡി.എഫ് കരുനീക്കം

കൈവിട്ട ഒരു കളിക്ക് തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വവും ഇപ്പോള്‍ ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്‍.എസ്.എസിനെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്കില്‍ എം.എം ഹസ്സന്‍ ജമാഅത്തെ ഇസ്ലാമിയെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയുമായുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമാണ്. ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിലേക്കും വിശാലസഖ്യം വ്യാപിപ്പിക്കാനാണ് ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ എം.ഐ അബ്ദുള്‍ അസീസിനെയാണ് യു.ഡി.എഫ് കണ്‍വീനര്‍ കണ്ടിരിക്കുന്നത്. ഒക്ടോബര്‍ 18ന് നിലമ്പൂരിലെ വീട്ടിലായിരുന്നു വിവാദ സന്ദര്‍ശനം. സൗഹൃദ സന്ദര്‍ശനമെന്ന് ഹസന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വ്യക്തമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലെടുക്കുന്നതിന് മുന്നോടിയായ സന്ദര്‍ശനമാണിതെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളെ അറിയിക്കാതെയുള്ള രഹസ്യകൂടിക്കാഴ്ച ചിത്രങ്ങള്‍ സഹിതമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസ്.ഡി.പി.ഐയും യു.ഡി.എഫില്‍ ബര്‍ത്ത് ഏറെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുമായി സഹകരിക്കാനുള്ള നീക്കം കോണ്‍’ഗ്രസ്സിലും യു.ഡി.എഫിലും വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ലീഗ് എം.എല്‍.എ കെ.എം ഷാജി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ പരസ്യമായി ഈ സംഘടനകളെ എതിര്‍ക്കുന്നവരാണ്. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പറഞ്ഞതെല്ലാം ഇവര്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരും. അതേസമയം ബി.ജെ.പി – ആര്‍.എസ്.എസ് പിന്തുണ രഹസ്യമായി തേടാനാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ്. ഹരിപ്പാട് നിന്നും ചെന്നിത്തലക്ക് വീണ്ടും ജയിക്കണമെങ്കില്‍ സംഘപരിവാര്‍ പിന്തുണ അനിവാര്യമാണ്. പ്രത്യേകിച്ച് ‘എ’ വിഭാഗം കോണ്‍ഗ്രസ്സ് ചതിക്കുമെന്ന് ഭയമുള്ളതിനാല്‍ കാവി വോട്ട് ഉറപ്പിച്ചാണ് ചെന്നിത്തലയും നീങ്ങുന്നത്.

മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഘപരിവാറിന്റെ ഓഫീസ് സന്ദര്‍ശിച്ചതും വ്യക്തമായ കണക്ക് കൂട്ടലില്‍ തന്നെയാണ്. സേവാഭാരതിയുടെ പരിപാടിക്കാണ് പോയതെന്ന് ന്യായീകരിക്കുന്ന തിരുവഞ്ചൂര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസിന്റെ സന്നദ്ധ സംഘടനയാണ് സേവാഭാരതി എന്ന യാഥാര്‍ത്ഥ്യത്തെയാണ്. പനച്ചിക്കാട്ടെ പരിവാര്‍ കാര്യാലയത്തിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയിരിക്കുന്നത്. സന്ദര്‍ശനത്തില്‍ തെറ്റ് കാണുന്നില്ലെങ്കില്‍ അത് തുറന്ന് പറയുകയായിരുന്നു വേണ്ടിയിരുന്നത്.

പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ പൂജവെയ്പ്പ് ഉത്സവത്തിന്റെ ഉദ്ഘാടകനായിരുന്നു തിരുവഞ്ചൂര്‍. ചടങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം അനുയായികള്‍ക്കൊപ്പം ആര്‍.എസ്.എസ് കാര്യാലയത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധം പുതുക്കാനാണ് സന്ദര്‍ശനമെന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് അംഗം എബിസണ്‍ കെ എബ്രഹാം എന്നിവരും തിരുവഞ്ചൂരിനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കളുടെ കാവി അടുപ്പം മുന്‍പ് തന്നെ പ്രസിദ്ധമാണ്. അത് തിരഞ്ഞെടുപ്പ് ധാരണയില്‍ മാത്രമല്ല ഭരണ രംഗത്തും പ്രകടമായിട്ടുണ്ട്.

എം.ജി. കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നത് യു.ഡി.എഫ് ഭരണകാലത്താണ്. ഈ സംഭവം ഏറെ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരുന്നത്. 2012 ഡിസംബര്‍ 27 നാണ് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് ഇറക്കിയിരുന്നത്. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു ആഭ്യന്തര മന്ത്രി. ഇക്കാര്യത്തില്‍ ഒരു മന്ത്രിയെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നാണ് സി.പി.എം നേതാക്കളും പ്രതികരിച്ചിരുന്നത്. തിരുവഞ്ചൂരിനെയും രമേശ് ചെന്നിത്തലയെയും ആര്‍.എസ്.എസ് മനസ്സുള്ള ആഭ്യന്തരമന്ത്രിമാരായാണ് സി.പി.എം നോക്കി കണ്ടിരുന്നത്.

2005ല്‍ തിരുവനന്തപുരം എംജി കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനം ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. സംഘര്‍ഷം നേരിടാന്‍ എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹനന്‍ നായരെ എ.ബി.വി.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ 32 പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് കാമ്പസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങളും കണ്ടെത്തുകയുണ്ടായി. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ഈ കേസ് പിന്‍വലിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ടിരുന്നത്.

യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇതുപോലെ ഇനിയും ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരിവാര്‍ ‘വേട്ടയാണ്’ പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്നിരിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വം തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള അനവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികളായിരിക്കുന്നത്. ഇതുപോലെ തന്നെയാണ് എസ്.ഡി.പി.ഐയുടെയും അവസ്ഥ. നിരവധി എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഇക്കാലയളവില്‍ പ്രതികളായിട്ടുണ്ട്. ഉന്നത നേതാക്കളും ഈ പട്ടികയില്‍ ഉള്‍പ്പെടും. ഈ കേസുകളില്‍ നിന്നെല്ലാം തല ഊരാന്‍ കൂടിയാണ് ഭരണമാറ്റം ഇവരെല്ലാം ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

ഒരിക്കല്‍ കൂടി പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച എന്നത് ഇവര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നതല്ല. ഈ അവസ്ഥയെയാണ് യു.ഡി.എഫും അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയപരമായി വലിയ റിസ്‌ക്ക് തന്നെയാണിത്. അതേസമയം, ഈ കൂട്ടുകെട്ടിനെതിരായി മതനിരപേക്ഷ കേരളമെന്ന മുദ്രാവാക്യമാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത്. കോലീബീ സഖ്യത്തെ തകര്‍ത്ത പാരമ്പര്യമുള്ള ചെമ്പടയ്ക്ക് ‘വിശാല കോലീബീ സഖ്യത്തെയും’ തരിപ്പണമാക്കാന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നത്.

Top