കേരളത്തില്‍ ഇനി ഭരണത്തിലും പകയുടെ രാഷ്ട്രീയം, പകരം വീട്ടുമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ ഇനി പകയുടെ രാഷ്ട്രീയം !

സോളാര്‍ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

സാധാരണ ഫയലുകളില്‍ ‘ഉറങ്ങാറുള്ള’ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ പതിവ് തെറ്റിച്ച് മിന്നല്‍ വേഗത്തിലാണ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.

ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ നിലപാട് തന്നെയാണ് ദ്രുതഗതിയില്‍ നടപടിക്ക് കാരണമായത്.

ബലാത്സംഗ കുറ്റമടക്കം ചുമത്തപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യം പോലും അടുത്ത കാലത്തൊന്നും ലഭിക്കില്ല.

ഇത്തരം ഗുരുതര കുറ്റകൃത്യത്തിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതയും വിദൂരമാണ്.

നോര്‍ത്ത് സോണ്‍ ഡി.ജി.പി രാജേഷ് ദിവാന്‍ നടത്തുന്ന അന്വേഷണം പ്രതിപ്പട്ടികയിലുള്ളവരെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എ.ഡി.ജി.പി പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍, അന്വേഷണം നേരിടുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരുടെ ഭാവിയും ഇപ്പോള്‍ തുലാസിലാണ്.

ഇവരെയെല്ലാം തല്‍സ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയിട്ടുണ്ട്.

അതേ സമയം സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുമ്പോഴും തങ്ങളുടെ സര്‍ക്കാര്‍ തന്നെ നിയമിച്ചിരുന്ന സോളാര്‍ കമ്മിഷനെതിരെ ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ യു.ഡി.എഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലന്നതും ശ്രദ്ധേയമാണ്.

‘റിപ്പോര്‍ട്ട് ലഭിക്കട്ടെ അപ്പോള്‍ പ്രതികരിക്കാം’ എന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

പിണറായി സര്‍ക്കാറിന്റെ നടപടി ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിടിച്ചതിലെ പകയാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.

ഉന്നത യു.ഡി.എഫ് നേതാക്കളും അത്തരത്തില്‍ തന്നെയാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.

യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് വലിയ ആരോപണങ്ങള്‍ സി.പി.എം നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനുമൊക്കെ എതിരെ ഉയര്‍ന്നപ്പോള്‍ പോലും ‘രാഷ്ട്രീയ മര്യാദ’ യു.ഡി.എഫ് സര്‍ക്കാറുകള്‍ കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ പിണറായി സര്‍ക്കാര്‍ അത്തരം ഒരു പരിഗണനയും തിരിച്ചു നല്‍കാത്തത് ഒരു രാഷ്ട്രീയ നേതൃത്വത്തിനു ചേര്‍ന്ന നിലപാടല്ലെന്നുമാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്.

ഒരു രാത്രി കൊണ്ട് ലോകം അവസാനിക്കില്ലന്നും, യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതിനെല്ലാം പകരം ചോദിക്കുമെന്നുമുള്ള തരത്തിലാണ് നേതാക്കള്‍ രഹസ്യമായാണെങ്കില്‍ പോലും ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്തുന്നത്.

കേരള ചരിത്രത്തില്‍ തുടര്‍ച്ചയായി ഒരു മുന്നണി ഭരണവും നടന്നിട്ടില്ലന്നും അടുത്ത തവണ യു.ഡി.എഫ് തന്നെ അധികാരത്തില്‍ വരുമെന്നുമാണ് മുന്നറിയിപ്പ്.

വേങ്ങര ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ധൃതി പിടിച്ച് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് നാലാം കിട രാഷ്ട്രീയ നേട്ടം മുന്‍ നിര്‍ത്തിയാണെന്നാണ് യു ഡി.എഫ് നേതാക്കളുടെ പ്രധാന ആക്ഷേപം.

മുന്‍ പ്രധിരോധ മന്ത്രി എ.കെ.ആന്റണി തന്നെയാണ് ഈ ആരോപണം ഉന്നയിച്ച് രംഗത്തു വന്നവരില്‍ പ്രമുഖന്‍.

സി പി എം നേതാവും മുന്‍ എം.പിയുമായ ടി.കെ ഹംസ വേങ്ങര തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സോളാര്‍ കേസ് സംബന്ധമായി സൂചന നല്‍കി പ്രസംഗിച്ചതായി ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ‘കള്ള കേസ് ‘എടുത്തതിനുള്ള തിരിച്ചടിയായി ചിത്രീകരിച്ച് വലിയ പ്രചാരണം അഴിച്ചുവിടാനും പ്രതിരോധിക്കാനുമാണ് യു.ഡി.എഫ് നീക്കം.

എന്നാല്‍ വേങ്ങര തിരഞ്ഞെടുപ്പും സോളാര്‍ കേസും തമ്മില്‍ യാതൊരു ബന്ധവും ഇല്ലന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന പിണറായി സര്‍ക്കാറിനൊപ്പമാണ് കേരള ജനതയെന്നുമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ നിലപാടിനെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടാന്‍ യു.ഡി.എഫും നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറും മുന്നിട്ടിറങ്ങുന്നതോടെ കേരള രാഷ്ട്രീയം തീ പിടിച്ചിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍.

കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദേശീയ നേതാക്കളും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.

Top