അഗ്നിപർവ്വതം പോലെ പുകഞ്ഞ് യു.ഡി.എഫ്, അന്തംവിട്ട് നേതാക്കൾ

ന്താണ് ഇപ്പോൾ യു.ഡി.എഫ് രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് നോക്കി കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് മാത്രമല്ല മറ്റു യു.ഡി.എഫ് ഘടക കക്ഷികളും വലിയ പൊട്ടിത്തെറിയുടെ വക്കിലാണുള്ളത്. ഇതിൽ മുസ്ലീം ലീഗും കേരള കോൺഗ്രസ്സും ആർ.എസ്.പിയും ഉൾപ്പെടെ സകല ഘടക കക്ഷികളുമുണ്ട്. ഇനി ഒരിക്കലും ഭരണത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലന്ന ആശങ്കയാണ് ഈ പൊട്ടിത്തെറിക്ക് കാരണം. സ്വന്തം പാർട്ടിയിൽ നിന്നും അവധിയെടുത്താണ് ഷിബു ബേബി ജോൺ മുങ്ങിയിരിക്കുന്നത്. സി.പി.എം വിരുദ്ധത വെടിഞ്ഞ് ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന അഭിപ്രായവും ആർ.എസ്.പിയിൽ ശക്തമാണ്.

ചവറയിൽ കോൺഗ്രസ്സ് – ആർ.എസ്.പി അനുഭാവികൾ മാറി വോട്ട് ചെയ്തെന്നാണ് ഷിബു ആരോപിക്കുന്നത്. ബി.ജെ.പിയുടെ കടന്നുവരവോടെ കേരളത്തിലെ രാഷ്ട്രിയ ഘടന മാറിയെന്നും ഇത് യു.ഡി.എഫിനാണ് തിരിച്ചടിയായിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ശക്ത കേന്ദ്രമായ കൊല്ലത്ത് വീണ്ടും തകർന്നടിഞ്ഞതിനാൽ ഇനിയും യു.ഡി.എഫിൽ തുടരുന്നത് ‘ആത്മഹത്യാപരം’ എന്നാണ് മുതിർന്ന നേതാക്കളും വിലയിരുത്തുന്നത്. സി.പി.എം അനുകൂലമായി പ്രതികരിച്ചാൽ ആർ.എസ്.പിയിൽ, ഉടൻ തന്നെ ഒരു പിളർപ്പിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും നിയമസഭയിൽ പ്രാതിനിത്യം ഇല്ലാത്തത് ആ പാർട്ടിയുടെ അവശേഷിക്കുന്ന അണികളെയും കൂടുതൽ നിരാശരാക്കിയിട്ടുണ്ട്. അവരിലെ നല്ലൊരു വിഭാഗവും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന നിലപാടിലാണുള്ളത്.

കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പും പിളർപ്പിന്റെ വക്കിലാണ്. സി.പി.എം അനുകൂലമായി പ്രതികരിച്ചാൽ സാക്ഷാൽ ജോസഫ് തന്നെ മുന്നണി വിടും. അതല്ലങ്കിൽ ഫ്രാൻസിസ് ജോർജ് വിഭാഗം ഉടൻ തന്നെ പാർട്ടി പിളർത്തും. രണ്ടായാലും അത് യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും. ജോസ് കെ മാണി വിഭാഗത്തിൻ്റെ ശത്രു ആയതിനാൽ എന്തായാലും സി.പി.എം ജോസഫിനെ അടുപ്പിക്കുകയില്ല. അക്കാര്യവും ഉറപ്പാണ്. റോഷി അഗസ്റ്റ്യൻ മന്ത്രി ആയതിനേക്കാൾ ജോസഫിന് പ്രഹരമായത് പഴയ തന്റെ അടുത്ത അനുയായി ആന്റണി രാജു മന്ത്രിയായതിലാണ്. ഇടതുപക്ഷം വിട്ടത് വലിയ അബദ്ധമായെന്ന്‌ ഫ്രാൻസിസ് ജോർജിന് തോന്നിയതും ആന്റണിരാജുവിന്റെ സ്ഥാനാരോഹണത്തോടെയാണ്. ജോസ് കെ മാണി വിഭാഗത്തിന് ഒരു മന്ത്രി പദവിയും ചീഫ് വിപ്പും ഉൾപ്പെടെ രണ്ട് കാബിനറ്റ് റാങ്കാണുള്ളത്. ജോസ്.കെ മാണി രാജിവച്ച ഒഴിവിലെ രാജ്യസഭാംഗത്വം കേരള കോൺഗ്രസ്സിന് തന്നെ ഇടതുപക്ഷം നൽകുമെന്നും ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് വരുമ്പോൾ കോട്ടയത്തെ സിറ്റിംഗ് സീറ്റും കേരള കോൺഗ്രസ്സിനു തന്നെ ഇടതുപക്ഷം നൽകിയേക്കും. ഇതോട് കൂടി കൂടുതൽ കരുത്താർജിക്കുന്ന ജോസ് കെ മാണി ജോസഫ് വിഭാഗത്തെ സംബന്ധിച്ച് വൻ ഭീഷണിയായി മാറും. നിലനിൽപ്പ് തന്നെ അപകടമാണെന്ന് കണ്ടാണ് ഒരു വിഭാഗം ഇപ്പോൾ ജോസഫിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങുന്നത്. ജോസ് കെ മാണി വിഭാഗത്തിലേക്ക് ഇതിനകം തന്നെ ജോസഫ് ഗ്രൂപ്പിൽ നിന്നും അണികളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്. സി.പി.എം മുന്നണിയിൽ എടുക്കില്ലന്ന് വ്യക്തമാക്കിയാൽ ജോസ്.കെ മാണി വിഭാഗത്തിൽ ലയിക്കാനാണ് ജോസഫ് വിഭാഗത്തിലെ വിമതരുടെ നീക്കം. ഇതിന് ജോസ് കെ മാണിയുടെ അനുമതിക്കായാണ് അവർ കാത്തു നിൽക്കുന്നത്. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മുസ്ലീംലീഗിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധരാണ് സംഘടിച്ചിരിക്കുന്നത്.

കാര്യങ്ങൾ എല്ലാം ഇപ്പോൾ പാണക്കാട്ടെ തങ്ങളുടെ കയ്യിലല്ല പാണക്കാട് തറവാട്ടിൽ നിന്നും പറയുന്നതെല്ലാം അപ്പടി അനുസരിക്കുന്ന കാലമെല്ലാം കഴിഞ്ഞെന്ന നിലപാടാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കുള്ളത്. ഇടപെടേണ്ട സമയത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടിരുന്നെങ്കിൽ ഇത്ര വലിയ തിരിച്ചടി ലീഗിനും ഉണ്ടാവില്ലായിരുന്നു എന്നാണ് ഈ വിഭാഗത്തിൻ്റെ അഭിപ്രായം. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് മത്സരിച്ചത് ലീഗിന് മാത്രമല്ല യു.ഡി.എഫിന് തന്നെ മാനക്കേട് ഉണ്ടാക്കിയെന്ന വികാരമാണ് അണികൾക്കുമുള്ളത്. കളമശ്ശേരി, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവിയിലും ലീഗ് അണികൾ നേതൃത്വത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ഐ.എൻ.എല്ലിന് ഒറ്റ എം.എൽ.എ മാത്രം ഉണ്ടായിട്ടും മന്ത്രി സ്ഥാനം ലഭിച്ചതും മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ലീഗിലെ അസംതൃപ്തർ ഐ.എൻ.എല്ലിലേക്ക് ചേക്കേറുമോയെന്ന ഭയവും നേതൃത്വത്തിൽ പ്രകടമാണ്. ഇതിനേക്കാൾ ഏറെ പാണക്കാട് നേതൃത്വം ഭയക്കുന്നത് സി.പി.എമ്മിന്റെ നീക്കങ്ങളെയാണ്. മുസ്ലീം ലീഗിലെ പ്രബല വിഭാഗത്തെ അടർത്തിയെടുക്കാൻ സി.പി.എം നീക്കം നടത്തിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ എത്രമാത്രം പ്രതിരോധിക്കാൻ കഴിയുമെന്നതിലാണ് അവരുടെ ആശങ്ക. അധികാരമില്ലാതെ 10 വർഷമാണ് ലീഗിന് പുറത്തു നിൽക്കേണ്ടി വന്നിരിക്കുന്നത്. ഇനി അടുത്ത തിരഞ്ഞെടുപ്പിലും തിരിച്ചു വരാൻ കഴിയുമോയെന്ന ഒരു ഉറപ്പും ലീഗ് നേതൃത്വത്തിനില്ല. ഈ അസാധാരണ സാഹചര്യം തന്നെയാണ് ലീഗ് സംസ്ഥാന നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്നത്.

പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വതത്തിന്റെ അവസ്ഥയിലാണിപ്പോൾ മുസ്ലീം ലീഗുള്ളത്. ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാം. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫ് രാഷ്ട്രീയത്തെ തന്നെയാണ് അത് തുടച്ചു നീക്കുക. മുന്നണിയെ നയിക്കേണ്ട കോൺഗ്രസ്സിന്റെ അവസ്ഥയും അതീവ ഗുരുതരമാണ്. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ വലിയ അസംതൃപ്തിയാണ് കോൺഗ്രസ്സ് ഗ്രൂപ്പുകൾക്കുള്ളത്. രമേശ് ചെന്നിത്തലയാകട്ടെ അപമാനിക്കപ്പെട്ട അവസ്ഥയിലുമാണ്. തന്റെ രോക്ഷം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങളും നിലവിൽ തകർന്നു കഴിഞ്ഞു. ഐ ഗ്രൂപ്പിലാണ് വലിയ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. യുവ എം.എൽ.എമാരുടെ പിന്തുണ വി ഡി സതീശനാണ് ലഭിച്ചിരിക്കുന്നത്. എ ഗ്രൂപ്പിലും കാര്യങ്ങൾ അത്ര വെടിപ്പല്ല ഉമ്മൻചാണ്ടിക്ക് ശേഷം ഗ്രൂപ്പിനെ ആര് നയിക്കും എന്നത് ആ ഗ്രൂപ്പിൽ തന്നെ വലിയ ചോദ്യമാണ്. കെ.മുരളീധരനെ കൊണ്ടു വന്നില്ലങ്കിൽ എ ഗ്രൂപ്പും നെടുകെ പിളരും.

കെ.പി.സി.സി അദ്ധ്യക്ഷനായി കെ സുധാകരനെ നിയമിച്ചാലും മുല്ലപ്പള്ളി തുടർന്നാലും കോൺഗ്രസ്സിൽ വ്യാപക പൊട്ടിത്തെറി ഉറപ്പാണ്. സുധാകരനെതിരെ എ – ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. സുധാകരൻ വന്നാൽ ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതാക്കി പാർട്ടിയെ വിഴുങ്ങുമെന്നാണ് ഗ്രൂപ്പ് മാനേജർമാർ ഭയക്കുന്നത്. മുല്ലപ്പള്ളി തുടരുന്നതിനെ യുവ തുർക്കികളും ശക്തമായി എതിർക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് മാത്രമല്ല കെ.പി.സി.സി അദ്ധ്യക്ഷനും യു.ഡി.എഫ് കൺവീനറും മാറണമെന്നതാണ് ഈ വിഭാഗത്തിന്റെ ആവശ്യം. ഇതിനാകട്ടെ ഹൈക്കമാന്റിന്റെ പിന്തുണയുമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തും പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കത്ത് ചോർന്നതിനു പിന്നിൽ ഗൂഢാലോചനയാണ് ചെന്നിത്തല വിഭാഗം സംശയിക്കുന്നത്. ഇതോടെ ഇതുവരെ ലഭിച്ച ‘എ’ ഗ്രൂപ്പ് പിന്തുണ കൂടിയാണ് ചെന്നിത്തലക്ക് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

അതേസമയം, അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കാനുള്ള മുല്ലപ്പള്ളിയുടെയും എം.എം ഹസ്സന്റെയും നിലപാട് കോൺഗ്രസ്സ് അണികളിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുല്ലപ്പള്ളി മാറാൻ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെങ്കിലും സ്വമേധയാ രാജിവച്ച് പുറത്ത് പോകണമെന്നതാണ് അണികളുടെ വികാരം. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും എം.എം ഹസനെ മാറ്റണമെന്ന അഭിപ്രായവും യു.ഡി.എഫ് അണികളിൽ ശക്തമാണ്. ഘടകകക്ഷികളും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഹസ്സനും ഉടൻ തന്നെ തെറിക്കുമെന്നാണ് സൂചന. എന്നാൽ ആരെയൊക്കെ മാറ്റിയാലും ഇനി യു.ഡി.എഫിന് രക്ഷയില്ലന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യം പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. യു.ഡി.എഫിന് പ്രത്യേകിച്ച് കോൺഗ്രസ്സിന് ന്യൂനപക്ഷങ്ങൾക്കിടയിൽ അടക്കം നഷ്ടമായ വിശ്വാസ്യത തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലങ്കിൽ യു.ഡി.എഫിന്റെ തിരിച്ചു വരവ് ഒരു സ്വപ്നം മാത്രമായി തന്നെയാണ് അവശേഷിക്കുക.

ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സിൽ ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോഴും കോൺഗ്രസ്സ് ഭരിക്കേണ്ടിയിരുന്ന ആറു സംസ്ഥാനങ്ങൾ നിലവിൽ ബി.ജെ.പിയാണ് ഭരിക്കുന്നത് കോൺഗ്രസ്സ് എം.എൽ.എമാർ കാവി ചാക്കിൽ ചാടിക്കയറിയതു കൊണ്ടു മാത്രമാണ് അത് സംഭവിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇത്തരത്തിൽ വീണിരിക്കുന്നത് പോണ്ടിച്ചേരിയാണ്. ഇവിടെ കൂറുമാറ്റി സർക്കാറിനെ വീഴ്ത്തിയ ശേഷമാണ് ബി.ജെ.പി സഖ്യം ഭരണം പിടിച്ചിരിക്കുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്താൽ അവർ നാളെ ബി.ജെ.പിയാകുമെന്ന പ്രചരണം പോണ്ടിച്ചേരിയിൽ മാത്രമല്ല രാജ്യത്താകമാനം തന്നെ ഇന്നുണ്ട്. അതു തന്നെയാണ് കേരളത്തിലും സംഭവിച്ചിരിക്കുന്നത്. അതു കൊണ്ട് കൂടിയാണ് ഇത്രയും ദയനീയമായ തിരിച്ചടി യു.ഡി.എഫിന് ഇത്തവണ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇടതുപക്ഷം പ്രതിപക്ഷത്താകുമ്പോൾ ഭിന്നിക്കാത്ത പ്രതിപക്ഷ വോട്ടുകൾ ഇത്തവണയും ഭിന്നിക്കില്ലന്ന യു.ഡി.എഫ് കണക്ക് കൂട്ടലുകൾ കൂടിയാണ് ഇത്തവണ തെറ്റിയിരിക്കുന്നത്.

സിപി.എമ്മിനുള്ള വിശ്വാസ്യത പൊതു സമൂഹത്തിൽ കോൺഗ്രസ്സിനോ ലീഗിനോ ഇല്ലന്നത് ഇനിയെങ്കിലും യു.ഡി.എഫ് നേതാക്കൾ തിരിച്ചറിയണം. കോൺഗ്രസ്സ് വോട്ടിലെ ഒരു പങ്ക് ബി.ജെ.പി കൊണ്ടു പോയത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടു മാത്രമാണ്. രാജ്യത്ത് ആകെ സംഭവിച്ചതിന്റെ തുടർച്ചയാണിത്. അതു ഇനിയും തുടരാനുള്ള സാധ്യതയും കൂടുതലാണ്. കോൺഗ്രസ്സ് എം.എൽ.എമാർക്ക് ബി.ജെ.പിയാകാമെങ്കിൽ കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നവരിൽ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതും സ്വാഭാവികമാണ്. കാവി രാഷ്ട്രിയത്തോടുള്ള മനോഭാവം ജനങ്ങളിൽ മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരിക്കുന്നത് അധികാര മോഹികളായ കോൺഗ്രസ്സ് നേതാക്കളാണ്. അവർ തന്നെയാണ് മോദിക്ക് രാജ്യത്ത് രണ്ടാം ഊഴവും ഉറപ്പിച്ച് നൽകിയിരുന്നത്. ഇനി മൂന്നാം ‘ഊഴം’ നൽകാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്.

ഈ മനോഭാവത്തിന് സ്വീകാര്യത ലഭിക്കാത്ത സംസ്ഥാനമാണ് കേരളം. അതിനും വ്യക്തമായ കാരണമുണ്ട്. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെ കരുത്ത് ഒന്നുകൊണ്ട് മാത്രമാണ്. കാവി രാഷ്ട്രീയത്തെ തടഞ്ഞു നിർത്താൻ സാധിക്കുന്നത്. വിവേകമുള്ള ജനതയിൽ വിപ്ലവ പ്രസ്ഥാനങ്ങൾക്കുള്ള സ്വാധീനം ഈ മണ്ണിൽ അത്രയ്ക്കും ശക്തമാണ്. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് സർക്കാറിന്റെ വികസനവും ജനക്ഷേമ പദ്ധതികളുമാണ്. മോദി സർക്കാറിനെതിരായ പോരാട്ടത്തിൻ്റെ നായകനായി ഇവിടുത്തെ മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ കാണുന്നത് രാഹുൽ ഗാന്ധിയെയോ പാണക്കാട്ടെ തങ്ങളെയോ അല്ല സാക്ഷാൽ പിണറായി വിജയനെയും ചെങ്കൊടിയെയും മാത്രമാണ്. ബി.ജെ.പിയുടെ ഉള്ള അക്കൗണ്ടാണ് ഇടതുപക്ഷം ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്. കേരളത്തിലെ ഗുജറാത്തായി സംഘ പരിവാർ വിലയിരുത്തിയ മണ്ഡലമായിരുന്നു നേമമെന്നതും നാം ഓർക്കണം. രാജ്യത്ത് ഇത്തരമൊരു മാസ് മറുപടി നൽകാൻ കോൺഗ്രസ്സിന് പോലും സാധിച്ചിട്ടില്ല എന്നതും അവരുടെ കഴിവുകേടാണ് സൂചിപ്പിക്കുന്നത്.

ന്യൂനപക്ഷങ്ങൾ, ഭൂരിപക്ഷങ്ങൾ, ജാതി, മതം, നിറം … ഇവക്കെല്ലാം മീതെയാണ് കേരളത്തിൽ ഇടതുപക്ഷം നേടിയിരിക്കുന്ന ഐതിഹാസിക വിജയം. ന്യൂനപക്ഷങ്ങൾ മാത്രമല്ല ഭൂരിപക്ഷ – പിന്നോക്ക സമുദായത്തിൽപ്പെട്ടവരും വലിയ തോതിൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തിരിക്കുന്നത്. എൻ.എസ്.എസ് നേതാവിന്റെ ആഹ്വാനത്തിന് ആ സമുദായം തന്നെ വില കൽപ്പിച്ചില്ലന്നതും ഈ തിരഞ്ഞെടുപ്പ് വിധി നൽകുന്ന ഒന്നാംന്തരം ഒരു പാഠമാണ്. ഇടതുപക്ഷത്തിന് അനുകൂലമായ ജനങ്ങളുടെ വികാരത്തെ ഒറ്റയടിക്ക് ഇല്ലാതാക്കി വിജയിച്ചു കളയാം എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കാത്ത ഒരു സ്വപ്നം തന്നെയായിരിക്കും. അത് തിരിച്ചറിഞ്ഞതിൻ്റെ ഇഫക്ടാണ് യു.ഡി.എഫിൽ ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്നത്. അത് എപ്പോൾ പൊട്ടിത്തെറിക്കും എന്നതു മാത്രമാണ് ഇനി കണ്ടറിയേണ്ടത്.

Top