യു.എ.ഇ സൈനികര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസയുമായി ഭരണാധികാരികള്‍

യമന്‍: യമനില്‍ സേവനം അനുഷ്ടിക്കുന്ന യു.എ.ഇ സൈനികര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസയുമായി യു.എ.ഇ ഭരണാധികാരികള്‍. പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയുമാണ് സൈനികര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ചെറിയ പെരുന്നാള്‍ ദിവസം ആഘോഷങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍നിന്നുമകന്ന് യുദ്ധഭൂമിയിലായിരിക്കുന്ന സൈനികരെ ആശ്വസിപ്പിച്ചും സ്‌നേഹാന്വേഷേണം നടത്തിയുമാണ് യു.എ.ഇ ഭരണാധികാരികള്‍ നല്ല മാതൃകയായത്.

പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരാണ് സൈനികരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചത്. രാജ്യത്തിന്റെ പ്രാര്‍ഥനയും പിന്തുണയും കൂടെയുണ്ടെന്ന് ഇവര്‍ സൈനികരെ അറിയിക്കുകയും ചെയ്തു.

യമനിലെ ചെങ്കടല്‍ തീരത്ത് സേവനം ചെയ്യുന്ന യു.എ.ഇ സൈനികരെയാണ് അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ അഭിമാനം കാക്കുന്ന ധീരസൈനികരെ അനുമോദിക്കുന്നതായും ഇരുവരും വ്യക്തമാക്കി. തുടര്‍ന്ന് സൈനികതലവന്‍ ഭരണാധികാരികള്‍ക്ക് പെരുന്നാള്‍ ആശംസകളും കൈമാറി. അതേസമയം, വിവിധ ഉന്നതസേനാ മേധാവിമാര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനെ, നേരില്‍കണ്ട് പെരുന്നാള്‍ ആശംസ അറിയിച്ചു.

Top