യു.എ.ഇ കൊവിഡ് വാക്സിൻ ‘ഹയാത്ത്’ ഉടൻ പുറത്തിറക്കും

യു.എ.ഇ: ചൈനീസ് സഹകരണത്തോടെ യു.എ.ഇ തദ്ദേശീയമായി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ‘ഹയാത്ത്’ ഉടൻ പുറത്തിറക്കും. അബുദാബി ജി42ന്റെയും ചൈനയുടെ സിനോഫാമിന്റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.

കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ സിനോഫാം വാക്സിനാണ് ഹയാത്ത് വാക്സ് എന്ന പേരിൽ പുറത്തിറങ്ങുക.യു.എ.ഇ വിദേശ അന്താരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ചേർന്നാണ് വാക്സിൻ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് വിവേചനമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിന്‍ ഉത്പ്പാദനത്തിനായി അബുദാബി ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ശാസ്ത്ര ഗവേഷണ വികസന കേന്ദ്രവും ആരംഭിക്കും. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഗവേഷണ കേന്ദ്രം വരുന്നത്. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കേന്ദ്രത്തിൽ നിന്ന് വർഷത്തിൽ 20കോടി വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കപ്പെടും.

 

Top