യു.എ.ഇയില്‍ വീട്ടുജോലിക്കാര്‍ക്ക് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

housemaid

യു എ ഇ : യു.എ.ഇയില്‍ വീട്ടുജോലിക്കാരുടെ നിയമനം സംബന്ധിച്ച് മനുഷ്യവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. നിയമനം, വേതനം എന്നിവ സംബന്ധിച്ച നാലു പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേന വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ചെലവ് കുറയ്ക്കാമെന്നതാണ് പ്രധാന നേട്ടമുള്ളത്.

യുഎഇയ്ക്ക് പുറത്തുനിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്ന പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. വേലക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആയമാര്‍, ഡ്രൈവര്‍, പൂന്തോട്ട പരിചാരകന്‍, പാചകക്കാരന്‍, സ്വകാര്യ ട്യൂഷന്‍ അധ്യാപകര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുക.

ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് 12,000 ദിര്‍ഹമാണ് നിരക്ക്. മറ്റു രാജ്യക്കാര്‍ക്കും ആനുപാതിക നിരക്കുണ്ട്. മന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറു മാസത്തേക്ക് താല്‍ക്കാലികമായി വീട്ടുജോലിക്കാരെ കൊണ്ടുവരുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇരുകൂട്ടര്‍ക്കും തൃപ്തികരമാണെങ്കില്‍ കുടുംബങ്ങളുടെയോ കമ്പനികളുടെയോ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാനും അനുമതിയുണ്ട്. ഇങ്ങനെ മാറ്റുന്നതിന് പ്രത്യേക ഫീസ് നല്‌കേണ്ടിവരും.

ഇന്ത്യ, നേപ്പാള്‍, കെനിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് പ്രതിമാസ വേതനം 2250 ദിര്‍ഹം നല്‍കണം. മണിക്കൂര്‍, ദിവസം, ആഴ്ച, മാസം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. നാലുമണിക്കൂറിന് 120 ദിര്‍ഹമാണ് വേതനം. എട്ടു മണിക്കൂറിന് 200 ദിര്‍ഹം നല്കണം. ഏഴ് ദിവസത്തിന് 1120 ദിര്‍ഹവും മുപ്പതുദിവസത്തിന് 3500 ദിര്‍ഹം എന്നിങ്ങനെയാണ് നല്‍കേണ്ട വേതനം.

Top