ചൈനാകടലിലെ സൈനികവത്കരണം; പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യു എസ്

വാഷിംഗ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ ചൈനയിലെ സൈനികവത്കരണം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ്. ചൈനയുടെ സൈനികവത്കരണത്തില്‍ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. തെക്കന്‍ ചൈനാ കടലില്‍ ചൈന കപ്പല്‍വേധ ക്രൂസ് മിസൈലുകളും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ചൈന വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്.

തെക്കന്‍ ചൈനാ കടലില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം ഫിലിപ്പൈന്‍സ് നേരത്തെ അമേരിക്കയെ അറിയിച്ചിരുന്നു. ഫിലിപ്പൈന്‍സ്, മലേഷ്യ, തെക്കന്‍ വിയറ്റ്‌നാം എന്നിവ ഉള്‍പ്പെടുന്ന സ്പ്രാറ്റ്‌ലിയില്‍ മനുഷ്യ നിര്‍മിതമായ ഏഴ് ദ്വീപുകളാണ് ചൈന നിര്‍മിക്കുന്നത്. ഇവിടെ ചൈനയുടെ വ്യോമസേനാ താവള നിര്‍മ്മാണം നടന്നുവരികയാണ്. അടിത്തട്ടിലുള്ള വന്‍ പെട്രോളിയം നിക്ഷേപവും ചൈനാ കടലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാ കടല്‍.

Top