ഉദ്ഘാടന ചടങ്ങുകളില്ലാതെ കുതിരാന്‍ തുരങ്കം തുറന്നു

തൃശ്ശൂര്‍: പാലക്കാട് – തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നു രാത്രി ഏഴരയോടെ തുറന്നത്. ഇതോടെ കോയമ്പത്തൂര്‍ കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.

ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 15ന് അറിയിച്ചിരുന്നു. തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയായിരുന്നു.

ഇതിന് പിറകെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി കൂടെ ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. കുതിരാനില്‍ ഒരു തുരങ്കത്തില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു.

Top