ഇ.പി ജയരാജനെതിരായ ആരോപണത്തിൽ യാഥാർത്ഥ്യം പുറത്ത് വരണം

ച്ചടക്ക ലംഘനത്തിന് മുഖം നോക്കാതെ ഏറ്റവുമധികം നടപടികൾ സ്വീകരിച്ച രാജ്യത്തെ ഏക രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം. ഏത് അളവ് കോലിൽ അളന്നാലും അക്കാര്യത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല. രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണിത്. സാധാരണ പാർട്ടി അംഗങ്ങൾ മുതൽ സി.പി.എം ജനറൽ സെക്രട്ടറിവരെ മുൻപ് അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ട്. എന്തിനേറെ കേരളത്തിലെ പ്രമുഖ നേതാക്കളായ വി.എസ്. അച്ചുതാനന്ദനും പിണറായി വിജയനും വരെ സി. പി.എം. സംഘടനാ നടപടി നേരിട്ട നേതാക്കളാണ്.

അച്ചടക്ക നടപടിക്കു ശേഷം തെറ്റുതിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് വി.എസും പിണറായിയും പിന്നീട് സ്വീകരിച്ചിരുന്നത്. നടപടിക്ക് വിധേയരാവുന്ന നേതാക്കൾ പോലും പാർട്ടി നടപടിയെ അംഗീകരിക്കുന്നത് പൂർണ്ണ മനസോടെയാണ്. അവരെ സംബന്ധിച്ച് പാർട്ടി തന്നെയാണ് എല്ലാം. ഉന്നതമായ പ്രത്യയ ശാസ്ത്ര ബോധവും സംഘടനാ ബോധവുമാണ് അച്ചടക്ക നടപടിക്ക് വിധേയരാവുന്നവരെ പോലും സി.പി.എമ്മിനോട് അടുപ്പിച്ച് നിർത്തുന്നത്. ഒരവസരം കിട്ടിയാൽ മറുകണ്ടം ചാടുന്ന ഏർപ്പാടൊന്നും കമ്യൂണിസ്റ്റു പാർട്ടികളിലെ നേതാക്കൾ പൊതുവെ സ്വീകരിക്കാറില്ല. കോൺഗ്രസ്റ്റും ബിജെപിയും ഉൾപ്പെടെ മറ്റു പാർട്ടികളുമായി താരതമ്യം ചെയ്യാൻ കഴിയാത്തതും അതു കൊണ്ടാണ്.

രാജ്യത്ത് ഏതെങ്കിലും ഒരു പാർട്ടിയിൽ സ്വന്തം നേതാക്കൾക്കെതിരെ തെളിവുകൾ സഹിതം ഒരു പരാതി ലഭിച്ചാൽ കൃത്യമായി നടപടി സ്വീകരിക്കുന്നത് കമ്യൂണിസ്റ്റു പാർട്ടികൾ മാത്രമാണ്. അതു കൊണ്ടാണ് പൊതു സമൂഹവും കമ്യൂണിസ്റ്റു പാർട്ടികളെ വിശ്വസത്തിലെടുക്കുന്നത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളിൽ രേഖാമൂലം പരാതി ലഭിച്ചാലും ഈ നടപടിക്രമങ്ങൾ തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു പാർട്ടിക്കും അന്വേഷണം നടത്താൻ കഴിയുകയില്ല. അങ്ങനെ തുടങ്ങിയാൽ പിന്നെ അതിനു മാത്രമേ സമയമുണ്ടാവുകയൊള്ളൂ.

ഇവിടെ ആരോപണ വിധേയനായ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനും ആരോപണം ഉന്നയിച്ചു എന്ന് മാധ്യമങ്ങൾ പറയുന്ന പി. ജയരാജനും സി.പി.എമ്മിനെ സംബന്ധിച്ച് മുതിർന്ന നേതാക്കളാണ്. പേരിൽ മാത്രമല്ല ഈ സാമ്യതയുള്ളത്. രണ്ടു പേരും പിടഞ്ഞു വീണടത്തു നിന്നാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളത്. ഇ.പി ജയരാജനെതിരെ ട്രയിനിൽ വച്ചാണ് ആക്രമണമുണ്ടായതെങ്കിൽ പി.ജയരാജനെതിരെ സ്വന്തം വീട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് ഇരുവരും ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നതും നാം ഓർക്കണം.

ഇ.പി ജയരാജന് നേരെ അക്രമികൾ കഴുത്തിൽ വെടിവച്ചപ്പോൾ പി.ജയരാജനെ സ്വന്തം ഭാര്യയുടെ മുന്നിൽവച്ചാണ് വെട്ടി നുറുക്കിയിരുന്നത്. കേരളത്തെ ഞെട്ടിച്ച ആക്രമ സംഭവങ്ങളായിരുന്നു ഇത്. എന്തെങ്കിലും തരത്തിലും വ്യക്തി വൈരാഗ്യം മൂലമായിരുന്നില്ല ഈ ആക്രമണങ്ങൾ. അത് സംഘടിപ്പിക്കപ്പെട്ടിരുന്നത് രാഷ്ട്രീയ പക മുൻ നിർത്തി മാത്രമായിരുന്നു. ഇത്രയും കൊടും ത്യാഗങ്ങൾ സഹിച്ച ഈ രണ്ടു നേതാക്കളും സി.പി.എം അണികളെ സംബന്ധിച്ച് വലിയ ആവേശമാണ്. ഇവർ പാർട്ടിക്ക് നൽകിയ സംഭാവനകളെ സി.പി.എമ്മും ഒരിക്കലും കുറച്ചു കാണുന്നില്ല.

അതേസമയം, ഒരു കേഡർ പാർട്ടി എന്ന നിലയിൽ പാർട്ടി അച്ചടക്കം പരമ പ്രധാനമാണ്. നാടിന് മാതൃകയാകേണ്ടവരാണ് കമ്യൂണിസ്റ്റു നേതാക്കൾ. അവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് പരിശോധിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തിലും തർക്കമില്ല. ഈ സാഹചര്യത്തിൽ ഇ.പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ഇ.പി ജയരാജൻ തന്നെ മറുപടി പറയേണ്ടതുണ്ട്. അതിന് ഏതെങ്കിലും റിസോർട്ടിന്റെ സി.ഇ.ഒ മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സി. പി.എം കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെയാണ് ആരോപണം എന്നതിനാൽ ഇക്കാര്യത്തിൽ സി.പി. എം നേതൃത്വവും ക്ലാരിറ്റി വരുത്തേണ്ടതുണ്ട്.

ആരോപണം തെറ്റാണെങ്കിൽ അപകീർത്തിപ്പെടുത്തിയതിന് ഇ.പി ജയരാജൻ നിയമ നടപടി സ്വീകരിക്കണം. അതല്ലങ്കിൽ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരാൻ സി.പി.എം. നേതൃത്വവും തയ്യാറാകണം. എങ്കിൽ മാത്രമേ പൊതു സമൂഹത്തിലും സി.പി.എം. അണികളിലും ഉയർന്ന സംശയങ്ങൾ ദുരീകരിക്കപ്പെടുകയൊള്ളൂ. രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

EXPRESS KERALA VIEW

Top