കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചു; തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദില്‍ ഒരു ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഈ സമയം രണ്ട് സുഹൃത്തുക്കളും ഗായികയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു. മാങ്ക്ലിയുള്‍പ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താന്‍ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്ലി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

തെലുങ്ക് ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലംപറ്റുന്ന ഗായികമാരില്‍ ഒരാളാണ് മാങ്ക്ലി. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാര്‍-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണഎന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് അവര്‍. വിജയ് ദേവരകൊണ്ട നായകനായ ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിനുവേണ്ടി മാങ്ക്ലി ആലപിച്ച ‘കല്യാണി വച്ചാ വച്ചാ’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Top