തൃപ്പൂണിത്തുറയിലേക്കുള്ള കൊച്ചി മെട്രോ സര്‍വീസിന്റെ ട്രയല്‍ റണ്‍ ഇന്ന് മുതല്‍ തുടങ്ങും

എറണാകുളം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സര്‍വീസിന്റെ ട്രയല്‍ റണ്‍ ഇന്ന് മുതല്‍ തുടങ്ങും. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക് മെട്രോയുടെ പരീക്ഷണ ഓട്ടം. 2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് തുടക്കമായത്. 356 കോടിയാണ് ചെലവ്.

എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. സ്റ്റേഷനിലെ സിഗ്‌നലിന്റേയും, വയഡക്റ്റിന്റെയും നിര്‍മ്മാണവും പൂര്‍ത്തികരിച്ചിട്ടുണ്ട്. ഒപ്പം സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്.

ജനുവരി ആദ്യവാരം സേഫ്റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം. ജനുവരിയില്‍ ആദ്യ സര്‍വീസ് ആരംഭിക്കും. എസ്എന്‍ ജങ്ഷന്‍ മെട്രൊ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് മില്‍മ പ്ലാന്റിന് മുന്നിലൂടെ റെയില്‍വേ മേല്‍പ്പാലം മുറിച്ചുകടന്ന് റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുകൂടിയായാണ് മെട്രൊലൈന്‍ ടെര്‍മിനലിലേക്ക് നീളുന്നത്.

Top