അയിരൂര്‍ ബാബു കൊലക്കേസിൽ ഇന്ന് വിചാരണ തുടങ്ങും

ലോട്ടറി കച്ചവടക്കാരനായിരുന്ന അയിരൂര്‍ പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ (58) കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് തുടങ്ങും.

നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ മൊട്ടക്കാട് കോളനിയില്‍ ബിജോയ് (25), ഇലകമണ്‍ പാണില്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരായ സൈജു (32), സജീവ് (22) എന്നിവരാണ് കേസിലെ പ്രതികള്‍.
2015 ജനുവരി 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സൈജു പാണില്‍ കോളനിയിലെ പൊതുടാപ്പിന് സമീപം ഉടുതുണിയില്ലാതെ കുളിച്ചത് വിലക്കിയതാണ് വിരോധത്തിന് കാരണം. സംഭവ ദിവസം രാത്രി 9ന് പ്രതികള്‍ പൊതു ടാപ്പിനടുത്തെത്തി. സൈജു തുണിയില്ലാതെ കുളിക്കുന്നത് ബാബു ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ബിജോയി ചെണ്ട മുറുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ബാബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ബാബുവിന്റെ മകള്‍ മിനിമോള്‍, ഭാര്യ സിന്ധു എന്നിവര്‍ ദൃക്‌സാക്ഷികളാണ്.

Top