യൂബര്‍ ഡ്രൈവറെ കവര്‍ച്ച നടത്താന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം അറസ്റ്റില്‍

എറണാകുളം: എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ വെച്ച് യൂബര്‍ ഡ്രൈവറുടെ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം അറസ്റ്റില്‍.

പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂര്‍ സ്വദേശി അരുണിമ, നെയ്യാറ്റിന്‍കര സ്വദേശി നിയ, എന്നിവരാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

ഓട്ടം കാത്തുകിടക്കുകയായിരുന്ന യൂബര്‍ ഡ്രൈവറായ ആലുവ സ്വദേശിക്കു നേരെയാണ് മോഷണശ്രമം നടന്നത്.

സേവനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണിന് ഡ്രൈവര്‍ മറുപടി പറയുന്നതിനിടെയാണ് സംഭവമുണ്ടായിരിക്കുന്നത്.

സംഘം ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ്സ് താഴ്ത്തിയപ്പോള്‍ ഡ്രൈവറുടെ പോക്കറ്റില്‍ കൈയിട്ട് ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം അവിടെ നിന്ന് ഓടിച്ചു പോയി. തുടര്‍ന്ന് അതുവഴി വന്ന പൊലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയും വിവരം പറയുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് പൊലീസ് എത്തി സംഘത്തെ പിടികൂടി.

Top