പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, മൂന്ന് പേർ മരിച്ചു

കൊല്‍ക്കത്ത: ട്രെയിന്‍ പാളംതെറ്റി മൂന്നുയാത്രക്കാര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുവാഹത്തി-ബിക്കാനിര്‍ എക്‌സ്പ്രസ് (15633) ആണ് പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപം പാളംതെറ്റിയത്.

ഇന്ന് വൈകിട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്. കാരണം വ്യക്തമല്ല. മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികള്‍ ആരെങ്കിലും ഉണ്ടോ എന്ന് അറിവായിട്ടില്ല.1,200 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്:.

ട്രെയിനിന്റെ 12 ബോഗികള്‍ അപകടത്തില്‍പ്പെട്ടുവെന്നും പാളംതെറ്റിയ ബോഗികള്‍ പരസ്പരം ഇടിച്ചുകയറുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികള്‍ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നത്. ബംഗാളിലെ വടക്കന്‍ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.

പാളം തെറ്റിയ സ്ഥലത്ത് റെയില്‍വേ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അട്ടിമറി സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്.

Top