ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പൊലീസ് ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോയെ അവതരിപ്പിച്ചിരിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തില്‍ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകുമെന്നാണ് ട്രെയിലര്‍ തരുന്ന പ്രതീക്ഷ. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു പുതുമുഖങ്ങളാണ് നായികമാരാണുള്ളത്.

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധര്‍, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പി ആര്‍ ഒ: ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്.

Top