‘കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

‘പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്’ റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രമായ ‘കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 20th സെഞ്ചുറി സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്.

2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് പരമ്പരയിലെ മൂന്നാംചിത്രമായ വാര്‍ ഫോര്‍ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് പുറത്തിറങ്ങിയത്. ആള്‍ക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാഗം അവസാനിക്കുന്നത്. നാലാംഭാഗത്തില്‍ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രം. ആസ്വാദകര്‍ക്ക് ആക്ഷനും സാഹസികതയും നിറഞ്ഞ അനുഭവംതന്നെയായിരിക്കും കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് തരികയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മനുഷ്യരെ വേട്ടയാടുന്ന ആള്‍ക്കുരങ്ങുകളുടെ കഥയാണ് ചിത്രം പറയുന്നത്.

മേസ് റണ്ണര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഓവന്‍ ടീഗ്, ഫ്രേയാ അലന്‍, കെവിന്‍ ഡ്യൂറന്‍ഡ്, പീറ്റര്‍ മക്കോണ്‍ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍. ജോഷ് ഫ്രാഡ്മാന്‍, റിക്ക് ജാഫ, അമാന്‍ഡ സില്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം മേയ് പത്തിന് ചിത്രം പുറത്തിറങ്ങും.

പിയറി ബൗളേ 1963-ല്‍ രചിച്ച പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1968 മുതല്‍ 2001 വരെ ആറുചിത്രങ്ങള്‍ റിലീസായിരുന്നു. 2011 മുതലാണ് ഇപ്പോള്‍ നാലാം പതിപ്പിലെത്തിനില്‍ക്കുന്ന റീ ബൂട്ട് ചലച്ചിത്ര പരമ്പര ആരംഭിച്ചത്. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്, ഡോണ്‍ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്, വാര്‍ ഫോര്‍ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് എന്നിവയായിരുന്നു റീ ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങള്‍.

Top