രൺബീർ – ആലിയ ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രൈലെർ പുറത്തിറങ്ങി

രൺബീർ കപൂറിനെ നായകനാക്കി അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ബ്രഹ്മാസ്ത്ര. സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൻറെ ആദ്യഭാഗത്തിന്റെ ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ ശിവ’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം സെപ്റ്റംബർ ഒമ്പതിന് തീയറ്ററുകളിലെത്തും.

ചിത്രത്തിൽ ആലിയ ഭട്ട് നായികയായി എത്തും. സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചനും, നാഗാർജ്ജുനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കബാഡിയ, മൗനി റോയ്, ദിവ്യേന്ദു, സൗരവ് ഗുർജർ, ചേത്ന പാണ്ഡെ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് കന്നട മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ധര്‍മപ്രൊഡക്ഷന്റെയും സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പങ്കജ് കുമാർ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഷാരൂഖ് ഒരു അതിഥി വേഷം അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ചിത്രത്തിൻറെ ട്രെയിലറിപ്പോൾ ശ്രദ്ധ നേടുകയാണ്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Top