‘കാപ്പ’യുടെ ട്രെയിലര്‍ നാളെ എത്തും

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ’. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റ ട്രെയിലർ അപ്‍ഡേറ്റ് പുറത്ത് വിട്ടു. ട്രെയിലര്‍ നാളെ വൈകുന്നേരം ആറ് മണിക്കാണ് ഇറങ്ങുക. ചിത്രം റിലീസ് ചെയ്യുക 22നാണ്. അപർണ ബാലമുരളി ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കാപ്പയില്‍ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

Top