കേരളം ചോദിച്ചു വാങ്ങുന്ന ദുരന്തം ! ഇറ്റലി ആവർത്തിക്കുമെന്ന് ഭയക്കണം

രേ സമയം, രണ്ടു വന്‍ ഭീഷണികള്‍ നേരിടേണ്ട അതീവ ഗുരുതര സാഹചര്യത്തിലാണിപ്പോള്‍ കേരളം. ഒന്ന് കോവിഡ് ആണെങ്കില്‍ മറ്റൊന്ന് പ്രകൃതി ദുരന്തമാണ്. രണ്ടും മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അപകടമാണ്. മനുഷ്യരുടെ കയ്യിലിരുപ്പാണ് ഈ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നത്. ഭീതിജനകമായ അന്തരീക്ഷമാണിത്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനം ഇപ്പോള്‍ അതിജീവനത്തിനു വേണ്ടിയാണ് പൊരുതുന്നത്.

മുന്‍പ് പ്രളയത്തെയും നിപ്പയെയും ഫലപ്രദമായി പ്രതിരോധിച്ച ചരിത്രമാണ് നമുക്കുള്ളത്. ഇത്തവണ അത് ആവര്‍ത്തിക്കുമോ എന്നത്, കണ്ടറിയേണ്ട കാര്യം തന്നെയാണ്. കാരണം, പ്രതിരോധത്തിന്റെ നേട്ടം സര്‍ക്കാര്‍ കൊണ്ടു പോകരുത് എന്നാഗ്രഹിക്കുന്ന ദുഷ്ട മനസ്സുകള്‍ ഇവിടെ സജീവമാണ്. കൊലയാളി വൈറസിന് വളക്കൂറുള്ള മണ്ണാക്കി ഈ മണ്ണിനെയും മാറ്റുന്നതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. വൈറസ് ഭീഷണി ഒരു പ്രശ്‌നമല്ലെന്ന പൊതുബോധമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സാമുഹിക അകലം പാലിക്കാതെയും, മാസ്‌ക്ക് ധരിക്കാതെയും നിരത്തിലിറങ്ങിയവരാണ് ഇപ്പോള്‍ നാടിന് തന്നെ ഭീഷണിയായിരിക്കുന്നത്. ആയിരം രണ്ടായിരമാകാനും രണ്ടായിരം പതിനായിരമാകാനും പിന്നെ ലക്ഷങ്ങളില്‍ എത്താനുമൊന്നും, അധികം താമസമുണ്ടാവുകയില്ല. ആ അവസ്ഥയിലേക്കാണ് കേരളമിപ്പോള്‍ കടന്നിരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി വിലപ്പെട്ട സമയങ്ങള്‍ മാറ്റിവെച്ച, ചാനലുകളും കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിരിക്കുന്നത്.

വൈറസ് ബോധവല്‍ക്കരണം നടത്തേണ്ട സമയത്താണ് സ്വര്‍ണ്ണത്തിന്റെ ‘മാറ്റളന്നിരിക്കുന്നത്’. സ്വര്‍ണ്ണക്കടത്ത് തീര്‍ച്ചയായും അതീവ ഗൗരവമുള്ള കാര്യം തന്നെയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വേണം. എന്നാല്‍ അതൊന്നും കോവിഡ് ഭീഷണിയോളം വരികയില്ല. മനുഷ്യര്‍ അവശേഷിച്ചാല്‍ മാത്രമേ ചാനലുകളും പാര്‍ട്ടികളും സര്‍ക്കാറുമൊക്കെ ഉണ്ടാവുകയുള്ളു. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും. മാധ്യമങ്ങള്‍ ഇനി വൈകി ഉണര്‍ന്നിട്ട് ഒരു കാര്യവുമില്ല. സാമുഹിക വ്യാപനം, അത് സംഭവിച്ചു കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്ത അനവധിപേര്‍ വൈറസ് വാഹകരായി നമുക്കിടയിലുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ഇവര്‍ക്കിടയിലെ പാപികളാണ്, വൈറസുകളെ വിതച്ച് കൊണ്ടിരിക്കുന്നത്.

മരണറേറ്റിംഗ് നോക്കി ആശ്വാസം കൊള്ളുന്നവരുണ്ടെങ്കില്‍, അതിനും ഇനി അല്‍പായുസായിരിക്കും. 22 വയസ്സുള്ള ചെറുപ്പക്കാരന്‍ വരെ കോവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. പ്രായം വൈറസിന് ഒരു പ്രശ്‌നമല്ലന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. മരണം, അത് ഇനി ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇറ്റലിയുടെ തെരുവീഥികളില്‍ കൂടി ചീറിപ്പാഞ്ഞ ആംബുലന്‍സുകള്‍, ഇനി നമ്മുടെ നിരത്തുകളും കീഴടക്കുന്ന ദിവസങ്ങളും വിതൂരമല്ല. കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചാല്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയും. അതിന് അധികം നാള്‍ കാത്തിരിക്കേണ്ടി വരികയില്ല. അത്തരം ഘട്ടത്തിലാണ് ചികിത്സ കിട്ടാതെ ആളുകള്‍ കൂട്ടത്തോടെ പിടഞ്ഞ് മരിക്കുന്നത്.

പ്രായമായവരെ മരണത്തിന് വിട്ടുകൊടുത്ത്, ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ അവസ്ഥയും നാം കണ്ടതാണ്. അവിടങ്ങളിലെ മലയാളി നഴ്‌സുമാര്‍ കണ്ണീരോടെ ആ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍, നൊമ്പരപ്പെട്ടവരാണ് കേരള ജനത. കോവിഡ് ആക്രമണം രൂക്ഷമായ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി തന്നെയാണ്, കേരളവും പ്രതിരോധ കോട്ട തീര്‍ത്തിരുന്നത്. ആദ്യഘട്ടത്തില്‍ നമുക്കതില്‍ വിജയിക്കാനും സാധിച്ചു. പിന്നീട് വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരോട്, ക്വാറന്റൈനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശം ലംഘിച്ചവര്‍, രോഗ വ്യാപ്തി കൂട്ടുന്നതില്‍ നിര്‍ണ്ണായക പങ്കാണിപ്പോള്‍ വഹിച്ചിരിക്കുന്നത്.

ഇപ്പോള്‍ പുറത്തു വന്നതല്ല യഥാര്‍ത്ഥ കണക്കെന്ന യാഥാര്‍ത്ഥ്യം, എല്ലാവര്‍ക്കും ബോധ്യമുണ്ടാകണം. നമ്മളോട് ഇടപെടുന്നവര്‍ക്ക് മാത്രമല്ല, നമുക്ക് തന്നെ വൈറസ് ബാധയേറ്റിട്ടില്ലന്നതിന് ഒരു ഉറപ്പുമില്ല. രോഗ ലക്ഷണമില്ലാത്തവര്‍, വൈറസിനെ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്ന് നല്‍കിയാണ്, ഓരോ ദിവസവും കടന്നു പോകുന്നത്. ഇവിടെ ചക്ര പൂട്ടിടേണ്ടത് സര്‍ക്കാര്‍ മാത്രമല്ല, ഓരോരുത്തരും സ്വയമാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. അതിനുവേണ്ടി, ഒപ്പമുള്ള ആരുടെയെങ്കിലും മരണം വരെ, ആരും തന്നെ കാത്തിരിക്കരുത്.

വരുന്നത് കൊടും കാലവര്‍ഷമാണ്. വൈറസിന് വേട്ടയാടി വിളയാടാന്‍, തണുപ്പ് ഏറെ സഹായകരവുമാണ്. കലി തുള്ളുന്ന പ്രകൃതി, ചരിത്രം ആവര്‍ത്തിച്ചാല്‍, വലിയ പ്രളയത്തിനും സാധ്യത കൂടുതലാണ്. കടല്‍ക്ഷോഭം ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് രൂക്ഷമാണ്. ട്രിപ്പിള്‍ ലോക് ഡൗണിനൊപ്പം കടല്‍ കൂടി ക്ഷോഭിച്ചതോടെ, ചെല്ലാനം നിവാസികള്‍ പരിഭ്രാന്തിയിലാണ്. മരണത്തിനും ജീവിതത്തിനും ഇടയിലായ അവസ്ഥയിലാണ് അവരിപ്പോള്‍. ചിറയന്‍കീഴ് അഞ്ചുതെങ്ങ് പ്രദേശത്തും സ്ഥിതി രൂക്ഷമാണ്.

കേരളത്തിന്റെ തീരപ്രദേശത്താകെ ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നദികളും തോടുകളും ജലസംഭരണികളും നിറഞ്ഞ് കവിഞ്ഞാല്‍ നഗരങ്ങള്‍ വരെ വെള്ളത്തിലാകും. ഒന്നാം പ്രളയകാലത്ത് അത് നാം ശരിക്കും അനുഭവിച്ചതാണ്. ലക്ഷക്കണക്കിന് ആളുകളാണ് അന്ന് കെടുതിക്ക് ഇരയായത്. രണ്ടാം പ്രളയകാലത്ത് നടന്ന ഉരുള്‍പൊട്ടല്‍, മലപ്പുറം-വയനാട് ജില്ലകളില്‍ ഉള്‍പ്പെടെ വിതച്ചതും കൊടും നാശമാണ്. ഇത്തവണ ഇതിനേക്കാള്‍ എല്ലാം രൂക്ഷമായ പ്രകൃതി ദുരന്തമാണ് വിദഗ്ദര്‍ പ്രവചിച്ചിരിക്കുന്നത്. ആ പ്രവചനം ശരിയായാലും ഇല്ലെങ്കിലും, തണുപ്പ് കാലമാണ് ഇവിടെ വരാനിരിക്കുന്നത്. വൈറസുകളുടെ സുവര്‍ണ്ണകാലം കൂടിയാകും അത്. സ്വയം സൂക്ഷിക്കുക. അതല്ലെങ്കില്‍ അനുഭവിക്കാന്‍ തയ്യാറാവുക. ഈ ഘട്ടത്തില്‍ ഇതുമാത്രമേ ഞങ്ങള്‍ക്കും ഓര്‍മ്മിപ്പിക്കാനുള്ളൂ.

Top