സംസ്ഥാനത്ത് ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജ്ജും അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും.

കൊവിഡ് ഭീഷണിയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്. 15 ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും.

നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും.

കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

 

Top