കമ്പനികളുടെ ആകെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേക്ക്; ഫെഡറല്‍ ബാങ്ക് ഒന്നാമത്.

കൊച്ചി: കേരളം ആസ്ഥാനമായി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേക്ക്. 30,000 കോടി രൂപയ്ക്കു മുകളിലാണ് ആറു മാസത്തിനിടയിലുണ്ടായ വിപണി മൂല്യം.

റെക്കോര്‍ഡ് നിലവാരത്തിലാണ് ഇപ്പോള്‍ വിപണിമൂല്യം എത്തിയിരിക്കുന്നത്. 40,000ത്തിനു മുകളില്‍ കമ്പനികള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ റജിസ്‌റ്റേര്‍ഡ് ഓഫിസുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വ്യാപാരം നടക്കുന്നതുമായി 25 കമ്പനികള്‍ മാത്രമാണ്.

ഇത്രയും കമ്പനികളുടെ ആകെ വിപണി മൂല്യം അവസാന വ്യാപാരദിനത്തിലെ കണക്കനുസരിച്ച് 97,928 കോടി രൂപയായിരിക്കുന്നു.

വിപണിയിലെ മുന്നേറ്റം തുടര്‍ന്നാല്‍ ഏതാനും ആഴ്ചകള്‍ക്കകം 1,00,000 കോടിയിലെത്തുമെന്നാണ് വിവരം.

ആറായിരത്തോളം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള രാജ്യത്തെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ആറു മാസത്തിനിടയില്‍ വര്‍ധിച്ചതു ആകെ 18% വിപണിമൂല്യം മാത്രമാണ്. അതേസമയം കേരള കമ്പനികളുടെ വിപണി മൂല്യം 46 ശതമാനമാണ് വര്‍ധിച്ചത്.

അവസാന വ്യാപാരദിനത്തിലെ കണക്കു പ്രകാരം ബിഎസ്ഇയിലെ ആകെ വിപണി മൂല്യം 1,38,84,731 കോടി രൂപയായിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ള കമ്പനികളില്‍ 24,266.08 കോടി രൂപ വിപണി മൂല്യം നേടിയ ഫെഡറല്‍ ബാങ്കാണ് ഒന്നാം സ്ഥാനത്ത്. 4,688 കോടി മാത്രമായിരുന്ന ബാങ്കിന്റെ വിപണി മൂല്യം ആറു മാസം കൊണ്ട് 65 ശതമാനംമാണ് വര്‍ധിച്ചത്.

ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള 10 കമ്പനികള്‍ക്കു മാത്രമാണ് 1000 കോടിയിലേറെ രൂപയുടെ വിപണി മൂല്യം ഉള്ളത്.

മുത്തൂറ്റ് ഫിനാന്‍സ് (19,618.72 കോടി), അപ്പോളോ ടയേഴ്‌സ് (13,729.20 കോടി) എന്നിവയാണ് ഫെഡറല്‍ ബാങ്കിനു തൊട്ടുപിന്നിലുള്ള കമ്പനികള്‍. .കേരള കമ്പനികളില്‍ കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരിക്കു മാത്രമാണ് 1000 രൂപയ്ക്കു മുകളില്‍ വിപണി വിലയുള്ളത്.

കെഎസ്ഇയുടെ വിപണി മൂല്യം ആറുമാസത്തിനിടയില്‍ 248 കോടിയില്‍നിന്ന് 540.80 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.

വിപണി മൂല്യത്തില്‍ ഏറ്റവും പിന്നില്‍ ശ്രീശ്കതി പേപ്പര്‍ മില്‍സാണ്. ഏഴു കോടി രൂപ മാത്രമാണു വിപണി മൂല്യം. ഇതുള്‍പ്പെടെ ആറു കമ്പനികള്‍ക്കു മാത്രമാണു 100 കോടി രൂപയിലും താഴെ വിപണി മൂല്യമുള്ളത്.

കേരളത്തില്‍നിന്ന് ഏറ്റവും ഒടുവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡി (സിഎസ്എല്‍) ന്റെ വിപണി മൂല്യം 7725.92 കോടി രൂപയാണ്.

Top